വനം-വന്യജീവി വകുപ്പിനെ കൂടുതല്‍ ജനസൗഹൃദമാക്കി: മന്ത്രി എ കെ ശശീന്ദ്രന്‍



മലപ്പുറം > മനുഷ്യന്റെ പ്രശ്‌നം കൂടി മനസ്സിലാക്കി വനം-വന്യജീവി വകുപ്പിനെ കൂടുതല്‍ മനുഷ്യസൗഹൃദമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത്  ഡിവിഷനുകളുടെ പരിധിയില്‍ നബാര്‍ഡ് ധനസഹായത്തോടെ 15.68 കോടി രൂപചെലവില്‍ പണിപൂര്‍ത്തീകരിച്ച വിവിധ ഓഫീസുകളുടെയും പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വകുപ്പ് നടപ്പാക്കിയ വനസൗഹൃദ അദാലത്തുകള്‍ വഴി വനം വകുപ്പ് ജീവനക്കാരും ജനങ്ങളും തമ്മില്‍ സൗഹൃദം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. വനമേഖലയോട് ചേര്‍ന്നുള്ള 241 പഞ്ചായത്തുകളിലായി നടത്തിയ അദാലത്തുകളില്‍ ജനങ്ങള്‍ക്ക് പറയാനുള്ളത് സര്‍ക്കാര്‍ സഹിഷ്ണുതയോടെ കേട്ടു. ഇതാണ് വനം വകുപ്പുദ്യോഗസ്ഥരും ജനങ്ങളും തമ്മില്‍ സൗഹാര്‍ദാന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ സഹായിച്ചതെന്നും മന്ത്രി വിശദീകരിച്ചു.   റാപ്പിഡ് റെസ്‌പോണ്‍സ് ടീം കെട്ടിടം, നിലമ്പൂര്‍ ഫ്‌ളൈയിംഗ് സ്‌കോഡ് കെട്ടിടം, വെറ്ററിനറി കോംപ്ലക്‌സ്, നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷന്‍ കോംപ്ലക്‌സ്, നെടുങ്കയം-മാഞ്ചീരി റോഡ്, കരുളായി റേഞ്ച് ഓഫീസ് കെട്ടിടം, സൗരോര്‍ജ തൂക്കുവേലി, വള്ളുവശ്ശേരി സ്റ്റാഫ് ബാരക്ക് എന്നിവയുടെ ഉദ്ഘാടനവും   റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന് ലഭ്യമായ പുതിയ ബൈക്കുകളുടെ വിതരണവുമാണ് മന്ത്രി നിര്‍വഹിച്ചത്. പി വി അന്‍വര്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. പി പുകഴേന്തി, പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ വിജയാനന്ദന്‍, കോഴിക്കോട് സാമൂഹ്യവനവത്കരണ വിഭാഗം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, വൈസ് ചെയര്‍പെഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍, നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ പി.കാര്‍ത്തിക്, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. Read on deshabhimani.com

Related News