ആദിവാസി കൈവശഭൂമി : സർക്കാർ അപ്പീൽ നൽകും അർഹരായ ഒരാളെപ്പോലും വനഭൂമിയിൽനിന്ന‌് ഇറക്കിവിടില്ല
തിരുവനന്തപുരം തലമുറകളായി വനത്തിൽ താമസിക്കുന്നവർക്ക‌് കൈവശഭൂമിക്ക‌് അവകാശരേഖ ലഭ്യമാക്കുകയെന്ന പ്രഖ്യാപിതലക്ഷ്യം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. രാജ്യത്തെ പത്തുലക്ഷം ആദിവാസികളെ വനത്തിൽനിന്ന് ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതുടർന്ന‌് ആശങ്ക ഉയർന്ന സാഹചര്യത്തിൽ നിയമനടപടികളടക്കം സ്വീകരിക്കും. അർഹരായ ഒരാളെപോലും ഭൂമിയിൽനിന്ന‌് ഇറക്കിവിടാതിരിക്കാനുള്ള സാധ്യതകളാണ‌് പരിശോധിക്കുന്നത‌്. ഇതുസംബന്ധിച്ച‌് അഡ്വക്കറ്റ‌് ജനറൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്റെ സ‌്റ്റാൻഡിങ‌് കോൺസൽ തുടങ്ങിയവരുമായി ആലോചിച്ച‌് നടപടി സ്വീകരിക്കും. പുനരവലോകന ഹർജി, അപ്പീൽ തുടങ്ങിയ സാധ്യതകൾ പരിശോധിക്കാൻ അഡ്വക്കറ്റ‌് ജനറലിനോട‌് ആവശ്യപ്പെട്ടു. അർഹരായ എല്ലാവർക്കും ഭൂമിയിൽ അവകാശം ഉറപ്പാക്കുന്ന നിലയിൽ നിയമനിർമാണം അടക്കമുള്ള ആവശ്യങ്ങളും സംസ്ഥാനം കേന്ദ്രസർക്കാരിനോട‌് ഉന്നയിക്കും. സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം അപ്പീൽ നൽകുമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. അപ്പീൽ ഹർജിയിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് കോടതിവിധി പഠിച്ചശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ അപേക്ഷകരെല്ലാം ആദിവാസികൾ വനാവകാശ നിയമം നടപ്പാക്കാൻ ആരംഭിച്ച 2008 മുതൽ കേരളത്തിൽ 39999 പേരാണ‌് ഭൂമിയുടെ അവകാശത്തിനായി അപേക്ഷിച്ചത‌്. ഇവരെല്ലാം ആദിവാസി വിഭാഗക്കാരാണ‌്. നടപടികൾക്ക‌് തുടക്കമിട്ട 22 സംസ്ഥാനങ്ങളിൽ, കേരളത്തിൽ മാത്രമാണ‌് അപേക്ഷകരെല്ലാം ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണെന്ന പ്രത്യേകതയുള്ളത‌്. എല്ലാ സംസ്ഥാനങ്ങളിലുമായി 30.67 ലക്ഷം അപേക്ഷ സമർപ്പിക്കപ്പെട്ടതിൽ 10 ലക്ഷത്തിലേറെയും നിരസിക്കപ്പെട്ടു. എന്നാൽ, കേരളത്തിൽ 894 അപേക്ഷകളാണ‌് മതിയായ രേഖകൾ ഇല്ലാത്തതിനാൽ നിരസിക്കപ്പെട്ടത‌്. അർഹതപ്പെട്ടവർക്കുതന്നെ ഭൂമിയുടെ അവകാശം ഉറപ്പാക്കണമെന്ന നിശ്ചയദാർഢ്യത്തിലാണ‌് 2008ൽ എൽഡിഎഫ‌് സർക്കാർ വനാവകാശ നിയമം നടപ്പാക്കുന്നതിന‌് തുടക്കമിട്ടത‌്. ഗ്രാമസഭകൾ ചേർന്ന‌് വനാവകാശകമ്മിറ്റികൾ മുഖേന അപേക്ഷ സ്വീകരിച്ചു. ഈ അപേക്ഷകളിൽ സൂക്ഷ‌്മ പരിശോധന നടത്തിയാണ‌് അന്തിമ തീർപ്പ‌് വരുത്തിയത‌്. 2005 ഡിസംബർ 13ന‌് അപേക്ഷകൻ ഭൂമിയുടെ കൈവശക്കാരനായിരുന്നുവെന്ന‌് തെളിയിക്കുന്ന രേഖകളായിരുന്നു അവകാശം ഉറപ്പാക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡം. എല്ലാ പരിശോധനകളും പൂർത്തീകരിച്ചപ്പോൾ ചില അപേക്ഷകളിൽ, അപേക്ഷകന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയും വനാന്തർഭാഗത്തുള്ള താമസമടക്കമുള്ള തടസ്സങ്ങളുംമൂലം യഥാസമയം രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ‌് വിലയിരുത്തൽ. നിരസിക്കപ്പെട്ട അപേക്ഷകൾക്കുപകരമുള്ള അപേക്ഷകളും ബന്ധപ്പെട്ട സമിതികൾ മുമ്പാകെ പരിശോധനയിലാണ‌്. നിയമഭേദഗതി ആവശ്യപ്പെടും ഭൂമിയുടെ കൈവശാവകാശം 2005 ഡിസംബർ 13 വരെയെങ്കിലും അപേക്ഷകനിൽ നിക്ഷിപ‌്തമായിരുന്നുവെന്നതിന്റെ രേഖ ലഭ്യമാക്കണമെന്ന മാനദണ്ഡത്തിൽ ഇളവ‌് ഉറപ്പാക്കുന്നതിനുള്ള നിയമഭേദഗതി വേണമെന്ന ആവശ്യം കേന്ദ്രത്തോട‌് ഉന്നയിക്കാനും ആലോചനയുണ്ട‌്. സമയ പരിധി 2008 വരെയെങ്കിലുമായി ഉയർത്തണമെന്നാണ‌് ആവശ്യം. ആദിവാസികളുടെ താൽപ്പര്യം സംരക്ഷിക്കുന്ന നിലയിൽ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകർ സുപ്രീംകോടതിയിൽ കേസ‌് വാദിച്ചില്ലെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാർതന്നെ സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ നൽകണമെന്ന ആവശ്യവും ഉന്നയിക്കപ്പെടും. ആദിവാസികളെ സംരക്ഷിച്ചത‌് എൽഡിഎഫ‌് സർക്കാരുകൾ തിരുവനന്തപുരം വനാവകാശനിയമം അനുസരിച്ച‌് വനഭൂമിയിലുള്ള ആദിവാസികളുടെ ഉടമസ്ഥാവകാശം ഉറപ്പാക്കിയത‌് എൽഡിഎഫ‌് സർക്കാരുകൾ. തലമുറകളായി കൈവശംവച്ച വനഭൂമിക്ക‌് അവകാശരേഖ ഉറപ്പാക്കുന്നതിനായി കൊണ്ടുവന്ന നിയമം നടപ്പാക്കുന്നതിൽ എൽഡിഎഫ‌് സർക്കാരുകളുടെ നിലപാട‌് പ്രതിജ്ഞാബദ്ധമാണ‌്. ചൂഷണത്തെതുടർന്ന‌് ഗോത്രവർഗങ്ങൾ നേരിട്ടുവന്ന അനീതിക്ക‌് പരിഹാരം കാണാൻ നിയമത്തെ പ്രയോജനപ്പെടുത്തുകയെന്ന ദൗത്യം ആർജവത്തോടെ ഏറ്റെടുത്തതും ഇടതുസർക്കാരുകളാണ‌്. 2008ൽനിയമം നടപ്പാക്കുന്നതിന‌് നടപടികൾക്ക‌് തുടക്കമിട്ടതും എൽഡിഎഫ‌് സർക്കാരാണ‌്. രണ്ടേകാൽ വർഷത്തിനിടയിൽ 37492 അപേക്ഷ പരിഗണിച്ച‌് നടപടികൾ തുടങ്ങി. ഇക്കാലയളവിൽ ജില്ലാതല കമ്മിറ്റികൾ പാസാക്കിയ 22443 അപേക്ഷകളിൽ 16723 എണ്ണത്തിന‌് കൈവശാവകാശ രേഖ ലഭ്യമാക്കി. 20502 ഏക്കറിലാണ‌് ആദിവാസികൾ കൈവശാവകാശം ഉറപ്പിച്ചത‌്. തുടർന്ന‌് യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് പ്രവർത്തനം മന്ദഗതിയിലായി. വീണ്ടും എൽഡിഎഫ‌് സർക്കാർ വന്നതോടെ നടപടികൾക്ക‌് വേഗമായി. മുഖ്യമന്ത്രിതന്നെ പദ്ധതി അവലോകനത്തിന‌് നേതൃത്വം നൽകി. ഇതിനകം 686 പേർക്ക‌് 1493 ഏക്കർ ഭൂമിയുടെ അവകാശം ഉറപ്പാക്കി. അർഹതപ്പെട്ട എല്ലാവർക്കും എത്രയും പെട്ടെന്ന‌് അവകാശം ലഭ്യമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. Read on deshabhimani.com