അനിയേ, മക്കളേ; കണ്ണീർച്ചുഴിയിൽ ആര്യനാട്‌

കരമനയാറ്റിൽ മുങ്ങിമരിച്ച അനിൽകുമാറിന്റെ ഭാര്യ സരിത മകൻ അമലിന്റെ മൃതദേഹത്തിനടുത്ത്


ആര്യനാട്‌ > അനിയെ... മക്കളെ, കണ്ണു തുറക്ക്‌. ഇപ്പം വരാമെന്ന്‌ പറഞ്ഞ്‌ പോയതല്ലേ. ഇനിയെങ്ങനെ ഞങ്ങള്‌ കാണും. കരഞ്ഞുകലങ്ങിയ കണ്ണുകളും ഉള്ളുലക്കുന്ന പതംപറച്ചിലുമായി ഉറ്റവർ. ആശ്വാസവാക്കുകൾ കിട്ടാതെ മൂകരായി ബന്ധുക്കളും നാട്ടുകാരും. ആര്യനാട്‌ കരമനയാറ്റിൽ മുങ്ങിമരിച്ച ബന്ധുക്കളായ നാലുപേർക്കും കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. കോട്ടയ്ക്കകം പൊട്ടൻചിറ ശ്രീനിവാസിൽ അനി എന്ന വി അനിൽകുമാർ (50), മകൻ അമൽ (13), സഹോദരന്റെ മകൻ കുളത്തൂർ വൈകുണ്ഡം ഭവനിൽ അദ്വൈത്‌ (22), സഹോദരിയുടെ മകൻ കൈലാസത്തിൽ ആനന്ദ്‌ (25) എന്നിവർക്കാണ്‌ നാട്‌ വിടചൊല്ലിയത്‌. നാലുപേരുടെയും മൃതദേഹം പൊട്ടൻചിറയിലെ കുടുംബവീടിന്‌ സമീപത്ത്‌ അടുത്തടുത്തായി സംസ്‌കരിച്ചു. രാവിലെ 10.30ഓടെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നാലുപേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. തുടർന്ന്‌ ഐജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവറായ അനിൽകുമാറിന്റെ മൃതദേഹം എആർ പൊലീസ്‌ ക്യാമ്പിലും പൊലീസ്‌ ആസ്ഥാനത്തും പൊതുദർശനത്തിന്‌ എത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും സംഘം ആദരാഞ്ജലി അർപ്പിച്ചു.തുടർന്ന്‌ 11.50ന്‌ കുളത്തൂരുള്ള തോപ്പിൽ ധർമരാജൻ മന്ദിരത്തിൽ നാലുപേരുടെയും മൃതദേഹം പൊതുദർശനത്തിന്‌ എത്തിച്ചു. കുളത്തൂരിലായിരുന്നു അനിൽകുമാർ മുമ്പ്‌ താമസിച്ചിരുന്നത്‌. 15 വർഷംമുമ്പ്‌ ആര്യനാടേയ്ക്ക്‌ താമസം മാറി. എങ്കിലും കുളത്തൂരുമായുള്ള ആത്മബന്ധം നഷ്‌ടപ്പെടുത്തിയിരുന്നില്ല.  അദ്വൈതിന്റെയും ആനന്ദിന്റെയും കുടുംബം കുളത്തൂരിലാണ്‌ താമസം. നാട്ടുകാരും സുഹൃത്തുക്കളുമായി നൂറുകണക്കിന്‌ ആളുകളാണ്‌ ഇവിടെ നാലുപേരെയും അവസാനമായി ഒരു നോക്കാൻ കാണാൻ എത്തിയത്‌. തുടർന്ന്‌ വിലാപയാത്രയായി ആര്യനാടുള്ള കുടുംബ വീട്ടിലേക്ക്‌. പകൽ 2ന്‌ കോട്ടയ്ക്കകം പൊട്ടൻചിറയിലെ കുടുംബവീടായ കൊടിവിളാകത്തിൽ മൃതദേഹങ്ങൾ എത്തിച്ചു. മുഴുവൻ ആളുകളും ഒരു നോക്കുകണ്ടശേഷം മൃതദേഹം ചിതയിലേക്ക്‌ എടുത്തു. അവർ നാലുപേരും അടുത്തടുത്തായി എരിഞ്ഞടങ്ങി. Read on deshabhimani.com

Related News