സംസ്ഥാനത്ത് 4 വർഷ ബിഎഡും ; ബിഎ, ബിഎസ്‌സി, ബികോം ചേർത്തുള്ള നാലുവർഷ ഇന്റഗ്രേറ്റഡ് കോഴ്സ്
തിരുവനന്തപുരം സംസ്ഥാനത്ത് നാലുവർഷ ബിഎഡ് കോഴ്സ് ആരംഭിക്കാനും തീരുമാനം. ബിഎ, ബിഎസ്‌സി, ബികോം എന്നിവ ചേർത്തുള്ള നാലുവർഷ ഇന്റഗ്രേറ്റഡ് കോഴ്‌സാണ് ആരംഭിക്കുക. ഉന്നതവിദ്യാഭ്യാസ കൗൺസിൽ രൂപീകരിച്ച കരിക്കുലം കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ആർട്സ് ആൻഡ് സയൻസ് കോളജിലാണ് ഇത് ആരംഭിക്കുക. നിലവിലുള്ള രണ്ടുവർഷ കോഴ്‌സും ടീച്ചിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളും നിലനിർത്തും. നാലുവർഷ കോഴ്‌സിൽ ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നിങ്ങനെ സ്പെഷലൈസേഷൻ ഉണ്ടാകും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അധ്യാപകരാവുന്നതിന് ഒപ്പം എംഎ, എംഎസ്‌സി, എംകോം, എംഎഡ് എന്നിങ്ങനെ ബിരുദാനന്തര കോഴ്സിനും ചേരാം. അധ്യാപകരുടെ മിനിമം യോഗ്യത ബിരുദം ആയതിനാലാണ് ഇന്റഗ്രേറ്റഡ് കോഴ്സ് എന്ന ആശയത്തിൽ എത്തിയത്. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. സംസ്ഥാനത്തെ വിവിധ സർവകലാശാലകളെയും ബിഎഡ് കോളജുകളെയും പങ്കെടുപ്പിച്ച് നടത്തിയ ചർച്ചക്ക് ശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. പ്രൊഫ. മോഹൻ ബി മേനോൻ ചെയർമാനും ഡോ. ടി മുഹമ്മദ് സലീം മെമ്പർ കൺവീനറുമായി രൂപീകരിച്ച അഞ്ചംഗ കരിക്കുലം കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് മന്ത്രി ആർ ബിന്ദുവിന് കൈമാറി. Read on deshabhimani.com