ഫാ ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു
തൃശൂർ> തൃശൂർ സെന്റ് തോമസ് കോളേജിൽ എസ്എഫ്ഐ പ്രതിനിധിയായി ചെയർമാനായി ചരിത്രം രചിച്ച ഫാദർ ജോസ് ചിറ്റിലപ്പിള്ളി (71) അന്തരിച്ചു. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ക്യാമ്പസിലെ പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതത്തിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്‌ച പകൽ 2.30ന് മുണ്ടൂർ പള്ളിയിൽ. അതിനു മുന്നോടിയായി രാവിലെ 6.30ന് പ്രീസറ്റ് ഹോമിലും തുടർന്ന് മുണ്ടൂർ പുറ്റേക്കരയിലുള്ള സഹോദരന്റെ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കും. 1981, 82 വർഷങ്ങളിലാണ് ഫാ ജോസ് സെന്റ് തോമസിൽ എംഎ (ഇക്കണോമിക്സ്) വിദ്യാർഥിയായത്. 1982ലെ യൂണിയൻ തെരഞ്ഞെടുപ്പിലാണ് എസ്‌എഫ്‌ഐ സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്. ഇതേതുടർന്ന് എംഎ അസാനിച്ചശേഷം പള്ളികളുടെ ചുമതലകളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. ബൈബിളിനെ സാമൂഹ്യ-സാംസ്കാരിക പോരാട്ടങ്ങൾക്കു വേണ്ടി അദ്ദേഹം വ്യാഖ്യാനിച്ചു. വിമോചനാശയങ്ങൾ പങ്കുവെച്ചു. പിന്നീടാണ് ഫാ. ജോസിന് മസ്തിഷ്കത്തിൽ കാൻസർ ബാധിച്ചത്. വെല്ലൂരിൽ ചികിത്സയിലിരിക്കെ അന്നത്തെ ആർച്ച് ബിഷപ് മാർ ജോസഫ് കുണ്ടുകുളം, ജോസച്ചനെ സന്ദർശിച്ചു. അസുഖം മാറി വന്നപ്പോൾ വീണ്ടും പള്ളികളിലെ ചുമതലകളും നൽകി. 1990ൽ സമ്പൂർണ സാക്ഷരതാ കാലത്ത് വിലപ്പെട്ട സേവനങ്ങൾ അദ്ദേഹം നൽകി. ബീഹാറിൽ നടത്തിയ സാക്ഷരതാ പ്രവർത്തനത്തിന് ഭാരത് ഗ്യാൻ – വിഗ്യാൻ സമിതിയുടെ സംസ്ഥാന കോഡിനേറ്ററായി നേതൃത്വം നല്കി. അക്കാലത്ത് ഫാ.സ്റ്റാൻ സ്വാമിയുമായും സൗഹൃദത്തിലായിരുന്നു. രണ്ടു വർഷം മുമ്പ് അഞ്ചേരി സൈമൺ ബ്രിട്ടോ അനുസ്മരണ സമിതി അവാർഡ് നല്കി ആദരിച്ചിരുന്നു. മറ്റം ചിറ്റിലപ്പിള്ളി വീട്ടിൽ പരേതരായ തോമസ് കത്രീന ദമ്പതികളുടെ മകനാണ്. Read on deshabhimani.com