വിവാഹ വാ​ഗ്ദാനം നൽകി തട്ടിപ്പ് : യുവതി പൊലീസ് പിടിയിൽ



കാസർ​ഗോഡ് > പൊയിനാച്ചി സ്വദേശിയായ യുവാവില്‍നിന്നു പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ യുവതി പൊലീസ് പിടിയില്‍. ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെയാണ് പൊലീസ് പിടികൂടിയത്. ഉഡുപ്പിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. വിവാഹ മാട്രിമോണിയല്‍ സൈറ്റ് ഉപയോഗിച്ചായിരുന്നു ശ്രുതി തട്ടിപ്പ് നടത്തിയത്. വരനെ ആവശ്യമുണ്ടെന്നു പോസ്റ്റ് ചെയ്ത ശേഷം ബന്ധപ്പെടുന്നവരുമായി യുവതി സൗഹൃദം സ്ഥാപിക്കുന്നതായിരുന്നു രീതി. തുടര്‍ന്ന് യുവാക്കളില്‍നിന്നു പണവും സ്വര്‍ണവും ആവശ്യപ്പെടും. പ്രമുഖരായ പലരും യുവതിയുടെ വലയിൽ വീണിട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഐഎസ്ആര്‍ഒ, ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥ ചമഞ്ഞാണ് ഇവര്‍ പലരേയും കബളിപ്പിച്ചിരുന്നത്. സ്വര്‍ണവും പണവും തട്ടിയെടുത്ത സംഭവത്തില്‍ ജൂണ്‍ 21നാണു ശ്രുതിക്കെതിരെ യുവാവു പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലാ കോടതി ശ്രുതിയുടെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശ്രുതി പരാതിക്കാരനായ പൊയിനാച്ചി സ്വദേശിയായ യുവാവിനെ പരിചയപ്പെട്ടത്. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ഇതിനായി ചില വ്യാജ രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പിന്നീട് യുവാവില്‍ നിന്ന് ഒരു ലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുക്കുകയായിരുന്നു. ഇവര്‍ക്കെതിരെ സമാനമായ ഒട്ടേറെ കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.   Read on deshabhimani.com

Related News