ഗരീബ് രഥ് ട്രെയിനുകളിൽ എസി ഇക്കണോമി കോച്ചുകൾ ; പഴയ കോച്ചുകൾ പൂർണമായി 
പിൻവലിക്കും



കൊല്ലം ഗരീബ് രഥ് ട്രെയിനുകളിലെ പഴയ കോച്ചുകൾ പൂർണമായും പിൻവലിച്ച്‌ ആധുനിക സൗകര്യങ്ങളുള്ള എസി ഇക്കണോമി എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനം. നിലവിൽ രാജ്യത്ത് 52 ഗരീബ് രഥ് ട്രെയിനുകളുണ്ട്‌. എസി ഇക്കണോമി കോച്ചുകളുടെ നിർമാണം കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറി, ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി, റായ്ബറേലിയിലെ കോച്ച് ഫാക്ടറി എന്നിവിടങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. പഴയ കോച്ചുകളെ അപേക്ഷിച്ച് കൂടുതൽ സുഖകരവും സുരക്ഷിതവുമായ യാത്ര പ്രദാനം ചെയ്യുന്നവയാണ് പുതിയ ഇക്കണോമി എൽഎച്ച്ബി കോച്ചുകൾ. ഇപ്പോൾത്തന്നെ ചില ഗരീബ് രഥ് ട്രെയിനുകളിൽ എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. ഇതിനേക്കാൾ കൂടുതൽ സൗകര്യങ്ങളുള്ള കോച്ചുകളാണ്‌ ബാക്കിവരുന്ന ഗരീബ് രഥ് ട്രെയിനുകളിൽ ഏർപ്പെടുത്തുക. അടുത്ത മാസംമുതൽ ഇത് ഘട്ടംഘട്ടമായി നടപ്പാക്കിത്തുടങ്ങും. നിലവിൽ ഗരീബ് രഥിലെ കോച്ചുകൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ചതാണ്‌. ഇത്തരം കോച്ചുകളുടെ നിർമാണം ഏതാനും മാസം മുമ്പ് റെയിൽവേ പൂർണമായി  ഉപേക്ഷിച്ചിരുന്നു. നിലവിൽ ഗരീബ് രഥിൽ തേർഡ് എസി, സെക്കൻഡ്‌ ക്ലാസ് എസി, എസി ചെയർ കാറുകൾ എന്നിവയാണുള്ളത്‌. ഓരോ കോച്ചിലും 72 ബർത്തുമുണ്ട്‌. എന്നാൽ, ഇക്കണോമി ക്ലാസ് രീതിയിലേയ്ക്കു മാറുമ്പോൾ ഗരീബ് രഥ് ട്രെയിനുകളിൽ 18 തേർഡ് എസി ഇക്കണോമി കോച്ചുകൾ ഉൾപ്പെടെ 20 കോച്ചുകൾ ഉണ്ടാകും. ഇവയിൽ ഓരോന്നിലും 82 ബർത്തും ഉണ്ടാവും. ഗരീബ് രഥ് ട്രെയിനുകളിൽ മാറ്റംവരുമ്പോൾ  എസി ചെയർ കാറുകൾ ഉണ്ടാകില്ല.   Read on deshabhimani.com

Related News