സംസ്ഥാനത്തെ ആദ്യ ലാൻഡ് പൂളിങ്ങിന് ഒരുങ്ങി ജിസിഡിഎ ; കൊച്ചി ഇൻഫോപാർക്കിൽ ദേശീയ ശിൽപ്പശാല
കൊച്ചി ഇൻഫോപാർക്കിന്റെ മൂന്നാംഘട്ട വികസനത്തിനായി ജിസിഡിഎയുമായി ചേർന്ന് ലാൻഡ് പൂളിങ് നടത്തുന്നതിനുമുന്നോടിയായി കൊച്ചി ഇൻഫോപാർക്കിൽ ദേശീയ ശിൽപ്പശാല സംഘടിപ്പിച്ചു. സംസ്ഥാന ലാൻഡ് പൂളിങ് നിയമവുമായി ബന്ധപ്പെട്ട് ജിസിഡിഎയും ഇൻഫോപാർക്കും സംയുക്തമായി സംഘടിപ്പിച്ച ശിൽപ്പശാല വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. വ്യവസായ, വാണിജ്യ വികസനാവശ്യത്തിന് വൻതുക നൽകി സ്വകാര്യഭൂമി ഏറ്റെടുക്കുന്നതിനുപകരമുള്ള സംവിധാനമാണ് ലാൻഡ് പൂളിങ്. ഭൂ ഉടമകളുടെ സമ്മതത്തോടെ നൽകുന്ന ഭൂമിയിൽ പുനക്രമീകരണവും അടിസ്ഥാനസൗകര്യ വികസനവും നടപ്പാക്കി വികസനാവശ്യത്തിന് വിനിയോഗിച്ച് 60 ശതമാനത്തോളം ഭൂമി ഉടമകൾക്ക് തിരിച്ചുനൽകും. സംസ്ഥാനത്തെ ആദ്യ ലാൻഡ് പൂളിങ്ങാണ് ജിസിഡിഎയുടെ നേതൃത്വത്തിൽ ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനത്തിനായി നടപ്പാക്കുന്നത്. കിഴക്കമ്പലത്തെ 300 ഏക്കറിൽ ലാൻഡ് പൂളിങ് നടത്താൻ ജിസിഡിഎയെ ചുമതലപ്പെടുത്തി ഒക്ടോബറിൽ സർക്കാർ ഉത്തരവ് ഇറക്കി. 2024-ലെ നിയമം വന്നശേഷമുള്ള ആദ്യ ലാൻഡ് പൂളിങ് പദ്ധതിയാണ് ഇൻഫോപാർക്ക് മൂന്നാംഘട്ടത്തിനായി നടപ്പാക്കുന്നത്. കേരള ടൗൺ ആൻഡ് കൺട്രി പ്ലാനിങ് നിയമത്തിലാണ് ലാൻഡ് പൂളിങ് വ്യവസ്ഥയുള്ളത്. 2016ലെ നിയമം 2021ൽ ഭേദഗതി ചെയ്തു. എന്നാൽ, ചട്ടങ്ങൾ രൂപീകരിച്ചിരുന്നില്ല. 2024 മാർച്ച് 16-ലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ചട്ടങ്ങൾ ഉൾപ്പെടുത്തിയത്. ഇൻഫോപാർക്ക് വികസനത്തിനായി നടത്തുന്ന ലാൻഡ് പൂളിങ് രാജ്യത്തിന് മാതൃകയാക്കാവുന്നവിധം കുറ്റമറ്റതാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള പറഞ്ഞു. പി വി ശ്രീനിജിൻ എംഎൽഎ, കലക്‌ടർ എൻ എസ് കെ ഉമേഷ്, തദ്ദേശസ്വയംഭരണവകുപ്പ് ചീഫ് ടൗൺ പ്ലാനർ അബ്ദുൾ മാലിക്, ജിസിഡിഎ സീനിയർ ടൗൺ പ്ലാനർ എം എം ഷീബ, സെക്രട്ടറി ഇന്ദു വിജയനാഥ് തുടങ്ങിയവർ പങ്കെടുത്തു. ഗുജറാത്തിൽനിന്നുള്ള നഗരാസൂത്രണ വിദഗ്ധരായ ഗോപാൽദാസ് ഷാ, രാജേഷ് റാവൽ, ആന്ധ്രപ്രദേശ് തലസ്ഥാന വികസന അതോറിറ്റി അഡീഷണൽ കമീഷണർ സൂര്യസായി പ്രവീൺ ചന്ദ്, നിയമവിദഗ്ധൻ മാത്യു ഇടിക്കുള തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. ഇൻഫോപാർക്ക് മൂന്നാംഘട്ടം 300 ഏക്കറിൽ മുന്നൂറ് ഏക്കറിലാണ് ഇൻഫോപാർക്ക് മൂന്നാംഘട്ടപദ്ധതി നടപ്പാക്കുന്നത്. ഐടി കമ്പനികൾക്കുപുറമെ പാർപ്പിടസൗകര്യങ്ങൾ, വാണിജ്യസ്ഥാപനങ്ങൾ, കായിക–-- സാംസ്കാരിക സംവിധാനങ്ങൾ, ആശുപത്രികൾ തുടങ്ങിയവ മൂന്നാംഘട്ടത്തിന്റെ ഭാഗമാണ്. ഇൻഫോപാർക്കിൽ രണ്ടുഘട്ടങ്ങളിലായി നിർമിച്ച കെട്ടിടങ്ങൾ മതിയാകാത്ത സാഹചര്യത്തിലാണ് മൂന്നാംഘട്ടവികസന പദ്ധതിയെന്ന് ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. ആറ് സുപ്രധാന ഘടകങ്ങൾ മൂന്നാംഘട്ടത്തിലുണ്ടാകും. കാർബൺ ന്യൂട്രൽ, ജലവിഭവ സ്വയംപര്യാപ്തത, മാലിന്യനിർമാർജനം, നഗരത്തിലേക്കും ദേശീയപാതയിലേക്കും റെയിൽവേ സ്‌റ്റേഷനുകളിലേക്കും - വിമാനത്താവളത്തിലേക്കുമുള്ള കണക്ടിവിറ്റി, എല്ലാവരെയും ഉൾക്കൊള്ളുന്ന ഐടി പാർക്ക്, തടസ്സമില്ലാത്ത അറ്റകുറ്റപ്പണി സംവിധാനം എന്നിവയാണ് വിഭാവനം ചെയ്യുന്നതെന്ന് സിഇഒ പറഞ്ഞു. കേരളത്തിനിണങ്ങിയ മാതൃക രൂപപ്പെടുത്തും: മന്ത്രി പി രാജീവ് ഐടി ആവാസവ്യവസ്ഥയിൽ കൊച്ചിയുടെ സ്ഥാനം ഏറ്റവും പ്രധാനമായതിനാലാണ് ഇൻഫോപാർക്കിന്റെ മൂന്നാംഘട്ടത്തിനായി ലാൻഡ് പൂളിങ് നടപ്പാക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിൽ ഭൂമിവില, പാരിസ്ഥിതിക മേഖലാ പ്രശ്നങ്ങൾ, ജനസാന്ദ്രത എന്നിവ ഭൂമി ഏറ്റെടുക്കലിന് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഭൂ ഉടമയുടെ പൂർണസമ്മതത്തോടെ ഉപയോഗപ്പെടുത്താവുന്ന ലാൻഡ് പൂളിങ്ങിന്റെ സാധ്യത പരിശോധിച്ചത്. കേരള ലാൻഡ് പൂളിങ് നിയമവും പാസാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയ മാതൃക പരിശോധിച്ച് കേരളത്തിനിണങ്ങിയ മാതൃക രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com