നോവലിസ്റ്റ് വല്ലച്ചിറ മാധവന്‍ അന്തരിച്ചു



ചേര്‍പ്പ്: എഴുത്തുകാരന്‍ വല്ലച്ചിറ മാധവന്‍ (72) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് വല്ലച്ചിറ ചാത്തക്കുടത്തെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാധാരണക്കാരന്റെ ഭാഷയില്‍ കഥകളെഴുതിയ വല്ലച്ചിറ മാധവന്‍ നാല് പതിറ്റാണ്ടിലേറെ സാഹിത്യലോകത്ത് സജീവമായിരുന്നു. ചെറുകഥകളും നോവലുകളുമായി 300ഓളം സൃഷ്ടികളുണ്ട്്. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിര. മക്കള്‍: ബാബുരാജ്, ഹേമന്തകുമാര്‍, ഗീതാഞ്ജലി, മധു. മരുമക്കള്‍: വിജയലക്ഷ്മി, അമ്പിളി, ഉണ്ണികൃഷ്ണന്‍. വല്ലച്ചിറ ചാത്തുകുടം വീട്ടില്‍ ശങ്കരന്റെയും ലക്ഷ്മിയുടെയും മകനായി 1934 മെയ് 17നായിരുന്നു ജനനം. ഗ്രാമധ്വനി, പുഞ്ചിരി, കലാമുകുളം തുടങ്ങിയ പ്രാദേശിക ആനുകാലികങ്ങളില്‍ എഴുതിയാണ് തുടക്കം. 1950കളില്‍ എം ടി, മാധവിക്കുട്ടി തുടങ്ങിയവര്‍ക്കൊപ്പം കഥകളെഴുതിയ മാധവന്‍ നോവലിനെ ജനപ്രിയമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. സാധാരണക്കാരും നാട്ടുമ്പുറത്തുകാരായിരുന്നു അദ്ദേഹത്തിന്റെ വായനക്കാരിലേറെയും. സാഹിത്യലോകത്തെ പ്രശസ്തിയോ പദവികളോ ധനലാഭമോ പരിഗണിക്കാതെ ധാരാളമെഴുതി. ഇത് മുഖ്യധാരാമാധ്യമങ്ങളില്‍നിന്നും സാഹിത്യത്തെ ഗൗരവമായെടുത്ത വായനാസമൂഹത്തില്‍നിന്നും അകറ്റിനിര്‍ത്താനുമിടയാക്കി. മുന്‍നിര എഴുത്തുകാര്‍ക്കൊപ്പം ചുവടൊപ്പിച്ച രചനകളുമായി തിരിച്ചെത്തിയാണ് വല്ലച്ചിറ വിടവാങ്ങിയത്. "യുദ്ധഭൂമി"യാണ് ആദ്യ നോവല്‍. ഓടപ്പഴം, ക്രിസ്തുവിനെ തളച്ച കുരിശ്, നാലുമണിപ്പൂക്കള്‍, സ്വീറ്റ് ഡ്രീംസ് തുടങ്ങിയവ പ്രധാന കൃതികള്‍. അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച "അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍" എന്ന കഥയാണ് അവസാന രചന. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സാഹിത്യ അക്കാദമി അവശകലാകാരന്മാര്‍ക്കുള്ള ധനസഹായം നല്‍കിയിരുന്നു. Read on deshabhimani.com

Related News