ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്
കോട്ടയം ചങ്ങനാശേരി അതിരൂപതയുടെ അഭിമാനം വാനോളമുയർത്തി കർദിനാൾ പദവിയിൽ എത്തിയിരിക്കുകയാണ് മാമ്മൂട് സ്വദേശി മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാട്. മാർപാപ്പയെ തെരഞ്ഞെടുക്കുന്നവരിൽ ഒരാളായി മോൺ. കൂവക്കാട് നിയുക്തനായതിൽ മറ്റൊരു അപൂർവതയുമുണ്ട്. ഇന്ത്യയിൽനിന്ന് ഇതുവരെ കർദിനാളായവരിൽ ബിഷപ്പാകാതെ ആ സ്ഥാനത്തെത്തുന്ന ആദ്യത്തെയാളാണ് ജോർജ് ജേക്കബ്. ചങ്ങനാശേരി അതിരൂപതയിൽനിന്ന് മുമ്പ് ഈ സ്ഥാനത്തെത്തിയ മാർ ആന്റണി പടിയറ, മാർ ജോർജ് ആലഞ്ചേരി എന്നിവർ ബിഷപ്പുമാരായിരുന്നു. നിലവിൽ ഇന്ത്യയിൽനിന്നുള്ള കർദിനാൾമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാളും അമ്പത്തൊന്നുകാരനായ മോൺ. കൂവക്കാടാണ്. ഡിസംബർ എട്ടിന് കർദിനാൾ സ്ഥാനാരോഹണച്ചടങ്ങിനു മുമ്പ് മോൺ. കൂവക്കാടിന് മെത്രാൻപട്ടം നൽകും. കേരളത്തിൽനിന്ന് ഒരേസമയം മൂന്നു കർദിനാൾമാർ ഉണ്ടാകുന്നതും സിറോ മലബാർ സഭയിൽനിന്ന് ഒരേസമയം രണ്ടു കർദിനാൾമാർ ഉണ്ടാകുന്നതും ആദ്യം. മോൺ. കൂവക്കാടിനെക്കൂടാതെ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവാ (സിറോ മലങ്കര സഭ), മാർ ജോർജ് ആലഞ്ചേരി എന്നിവരാണ് മറ്റു രണ്ടുപേർ. ഇവിടെനിന്ന് ഇതുവരെ മോൺ. കൂവക്കാട് ഉൾപ്പെടെ ആറുപേർ കർദിനാൾ സ്ഥാനത്തെത്തിയിട്ടുണ്ട്. ആദ്യ കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ, മൂന്നാമത്തെ കർദിനാൾ മാർ വർക്കി വിതയത്തിൽ എന്നിവരും സിറോ മലബാർ സഭാംഗങ്ങളായിരുന്നു. Read on deshabhimani.com