ആഗോള നിക്ഷേപക സംഗമം ; കേരളത്തിന്റെ റോഡ്‌ഷോ നാളെ 
ബംഗളൂരുവിൽ



തിരുവനന്തപുരം സംസ്ഥാനത്തേക്ക്‌ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റോഡ്‌ ഷോ വ്യാഴാഴ്‌ച ബംഗളൂരുവിൽ നടക്കും. അടുത്ത വർഷം സംസ്ഥാനത്ത്‌ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമത്തിനു മുന്നോടിയായാണിത്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും സമാനമായ പരിപാടി സംഘടിപ്പിക്കും. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം രാജ്യത്ത്‌ ഒന്നാമതായത്‌ വലിയ ചർച്ചയായിട്ടുണ്ട്‌. കൊച്ചി–-ബംഗളൂരു വ്യവസായ ഇടനാഴിക്ക്‌ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതും കേരളത്തിൽ കൂടുതൽ നിക്ഷേപത്തിനു വഴിതുറക്കുന്നതാണ്‌. ഈ സാഹചര്യത്തിൽ സംഘടിപ്പിക്കുന്ന റോഡ്‌ ഷോ ശ്രദ്ധേയ മുന്നേറ്റമാകും. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി (സിഐഐ) സഹകരിച്ച് വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും നടത്തുന്ന കൂടിക്കാഴ്ചകൾ റോഡ്ഷോയിൽ ഉണ്ടാവും. സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളും സർക്കാരിന്റെ വ്യവസായ- വാണിജ്യ നയവും ചർച്ച ചെയ്യും. എയ്റോസ്പേസ്, പ്രതിരോധം, നിർമിതബുദ്ധി, റോബോട്ടിക്സ്, ജൈവസാങ്കേതിക വിദ്യ, ഇലക്ട്രോണിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് ഡിസൈനും ഉൽപ്പാദനവും, ഭക്ഷ്യ സംസ്‌കരണം, വിവരസാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ്, മാരിടൈം, കപ്പൽനിർമാണം, മെഡിക്കൽ ഉപകരണങ്ങൾ, പാക്കേജിങ്‌, ഗവേഷണ-വികസനം, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസുകൾ, മാലിന്യ സംസ്കരണവും പുനരുപയോഗവും തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് ആശയവിനിമയം നടക്കുക. സംസ്ഥാനത്തിന്റെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തെ സുപ്രധാന വ്യാവസായിക -വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ്  കൂടിക്കാഴ്‌ചകളെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ പറഞ്ഞു. കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷത്തെയും ഇടത്തരം നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുകയാണ്‌ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News