ഗ്ലോബല്‍ ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ്; വെബ്സൈറ്റും ബ്രോഷറും പുറത്തിറക്കി

ഡോ. പ്രദീപ് കുമാർ, ഡോ. ദിനേശ് കൈപ്പുള്ളി എന്നിവർ ചേർന്ന്‌ ബ്രോഷറിന്റെ പ്രകാശനം നിർവഹിക്കുന്നു


കൊച്ചി > ക്ഷീര- കന്നുകാലി, വളര്‍ത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉല്‍പാദനക്ഷമതയും ലക്ഷ്യമിട്ട് കേരള വെറ്റിനറി സര്‍വകലാശാല സംഘടിപ്പിക്കുന്ന ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവിന്റെ വെബ്‌സൈറ്റ് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ്‌ ഓഷ്യന്‍ സ്റ്റഡീസ് വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ഡോ. പ്രദീപ് കുമാര്‍ പുറത്തിറക്കി. കുഫോസ് രജിസ്ട്രാര്‍ പ്രൊഫസര്‍ ഡോ. ദിനേശ് കൈപ്പുള്ളി ബ്രോഷര്‍ പ്രകാശനം ചെയ്തു. ഡിസംബര്‍ 20 മുതല്‍ 29വരെ വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവിലൂടെ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗ സംരക്ഷണം സാധ്യമാക്കുക, കന്നുകാലി-ക്ഷീര കാര്‍ഷിക മേഖലയില്‍ യുവാക്കള്‍ക്കായി പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ചടങ്ങില്‍ കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ പ്രൊഫസര്‍ ഡോ. പി സുധീര്‍ ബാബു,  അക്കാദമിക് ആന്റ് റിസേര്‍ച്ച് ഡയറക്ടര്‍ പ്രൊഫസര്‍ ഡോ. സി ലത, ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് പ്രൊഫസര്‍. ഡോ. ടി എസ് രാജീവ്,  അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ജസ്റ്റിൻ ഡേവിസ് എന്നിവര്‍ സംസാരിച്ചു. മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍, പോള്‍ട്രി, ഡയറി- അക്വഫാമിംഗ് എന്നീ വിഭാഗങ്ങളിലെ ഏറ്റവും പുതിയ അറിവുകള്‍, മാറിവരുന്ന സാങ്കേതിക വിദ്യകള്‍ എന്നിവയെക്കുറിച്ച് കര്‍ഷകരെ ബോധവല്‍ക്കരിക്കാന്‍ ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് സഹായകമാകും. വയനാട് ജില്ലയെ ക്ഷീരോല്‍പാദക മേഖലയുടെ ഹബ്ബ് ആക്കി മാറ്റുകയാണ് കോണ്‍ക്ലേവിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം ജില്ലയിലെ വലിയൊരു വിഭാഗം ജനങ്ങളും ക്ഷീരോല്‍പാദക മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. മില്‍മയുടെ കീഴിലുള്ള മലബാര്‍ മേഖല പാലുല്‍പാദക സഹകരണസംഘത്തിന് ഉയര്‍ന്ന ഗുണമേന്മയുള്ള പാല്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള ദേശീയ അംഗീകാരം ലഭിച്ചിരുന്നു. ക്ഷീര- കാര്‍ഷിക മേഖലയ്ക്ക് പുറമെ, സുഗന്ധവ്യഞ്ജനങ്ങള്‍, ജില്ലയുടെ തനതായ വന വിഭവങ്ങള്‍ എന്നിവയുടെ ഉല്‍പാദനക്ഷമതയും വികാസവും ഉറപ്പുവരുത്തും. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള സ്ഥിരം വേദി ഒരുക്കുകയും നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തുകയും ചെയ്യും. കോണ്‍ക്ലേവിന്റെ ഭാഗമായി 2 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍, കന്നുകാലികള്‍, ഡയറി ഫാമിംഗ്, അക്വഫാമിംഗ്, പോള്‍ട്രി എന്നിവയുടെ സ്റ്റാളുകളും വിവിധ എക്സ്പോകളും ഒരുക്കും. മൃഗസംരക്ഷണത്തെക്കുറിച്ചും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണന സാധ്യതകളെക്കുറിച്ചും വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകള്‍, ശില്‍പശാലകള്‍ എന്നിവയും കോണ്‍ക്ലേവില്‍ നടക്കും. രാജ്യത്തെ വിവിധ കാര്‍ഷിക സംഘടനകളും വെറ്ററിനറി ഡോക്ടര്‍മാരും ഉള്‍പ്പടെ ഏകദേശം അഞ്ചു ലക്ഷത്തോളം ആളുകളുടെ പങ്കാളിത്തമാണ് പത്ത് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ക്ലേവില്‍ പ്രതീക്ഷിക്കുന്നത്. കൊച്ചിയിലെ പാക്‌സ് ഇവന്റസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 9895088388, 9446052800 Read on deshabhimani.com

Related News