ഓപ്പറേഷൻ ‘ടെറേ ദെൽ ഓറോ’; തൃശൂരിൽ പിടിച്ചെടുത്ത്‌ 104 കിലോഗ്രാം സ്വർണം

തൃശൂരിലെ സ്വർണവ്യാപാര സ്ഥാപനങ്ങളിൽനിന്ന്‌ ജിഎസ്‌ടി വകുപ്പ്‌ 
പിടിച്ചെടുത്ത ആഭരണങ്ങളുമായി ഉദ്യോഗസ്ഥർ


തൃശൂർ തൃശൂർ ന​ഗരത്തിലെ സ്വർണാഭരണ നിർമാണശാലകളിലും മൊത്തവ്യാപാര കേന്ദ്രങ്ങളിലും ഷോറൂമുകളിലും ജിഎസ്ടി വകുപ്പ് മിന്നൽ പരിശോധന നടത്തി. കേരളം കണ്ട ഏറ്റവും വലിയ ജിഎസ്‌ടി ഇന്റലിജൻസ്‌ റെയ്‌ഡിൽ 104 കിലോ അനധികൃത സ്വർണം പിടിച്ചെടുത്തു.   ഏഴുമാസമായി നടത്തിയ രഹസ്യാന്വേഷണത്തിന്റെ ഭാ​ഗമായാണ്‌ 78 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്‌.  തുടക്കത്തിൽത്തന്നെ വീഴ്‌ച സമ്മതിച്ച ചില സ്ഥാപനങ്ങളിൽ നിന്ന്‌  4.3 കോടി പിഴ ഈടാക്കി. അഞ്ചുവർഷത്തെ കച്ചവട സംബന്ധമായ രേഖകളും അക്കൗണ്ട് ബുക്കും കണക്കും പിടിച്ചെടുത്തു. വിശദമായി പരിശോധിച്ചാലേ വെട്ടിപ്പിന്റെ ആഴം വ്യക്തമാകൂവെന്ന് ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമീഷണർ കൃഷ്‌ണകുമാർ പറഞ്ഞു. വ്യാപകമായ നികുതിവെട്ടിപ്പ് നടന്നെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ക്രമക്കേട്‌ ജിഎസ്ടി ഇന്റലിജൻസ് വിഭാ​ഗം അന്വേഷിക്കും. പിടിച്ചെടുത്ത സ്വർണം ട്രഷറിയിലേക്ക് മാറ്റി. സ്വർണം അനധികൃതമായി സൂക്ഷിച്ചവർക്ക് വരുംദിവസങ്ങളിൽ സമൻസ് അയക്കും. ആവശ്യമായ രേഖകളുമായി ഹാജരാവാൻ നോട്ടീസ് നൽകും. ഇതിനുശേഷം തുടർനടപടികൾ. "ടെറെ ദെൽ ഒറോ' അഥവാ "സ്വർണഗോപുരം' എന്ന പേരിൽ ബുധൻ പകൽ 4.30ന് ആരംഭിച്ച പരിശോധന വ്യാഴം പകൽ 12നാണ് സമാപിച്ചത്. 700 ജിഎസ്ടി ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌. വരുംദിവസങ്ങളിലും സമാന രീതിയിൽ പരിശോധന നടത്തും. സ്വർണത്തിന് മൂന്നുശതമാനമാണ് ജിഎസ്ടി നൽകേണ്ടത്. ഇത് നൽകാതിരിക്കാൻ, വാങ്ങുമ്പോഴും വിൽക്കുമ്പോഴും ക്രമക്കേട് നടത്തും. അപ്പോൾ സ്റ്റോക്കിൽ വ്യത്യാസം വരും. ഇത്തരത്തിലുള്ള 13,000 പവൻ സ്വർണമാണ് പിടിച്ചെടുത്തത്. ഉദ്യോഗസ്ഥരെത്തിയത് 
ഉല്ലാസയാത്ര ബാനറിൽ തൃശൂരിലെ സ്വർണ വ്യാപാര മേഖലയിൽ സംസ്ഥാന ജിഎസ്‌ടി വകുപ്പ്‌ നടത്തിയത്‌ സംസ്ഥാന നികുതി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്‌ഡ്‌. ‘ടെറെ ദെൽ ഒറോ’ അഥവാ സ്വർണഗോപുരം എന്ന പേരിൽ ബുധൻ വൈകിട്ട്‌ 4.30ന്‌ ആരംഭിച്ച ഇന്റലിജന്റ്‌സ്‌ ഓപറേഷൻ വ്യാഴം പകൽ പന്ത്രണ്ടിനാണ്‌ അവസാനിച്ചത്‌. അതീവ രഹസ്യമായി സൂക്ഷിച്ച റെയ്‌ഡ്‌ വിവരം ഒരുവിധത്തിലും ചോരുന്നില്ലെന്ന്‌ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരെ പരിശീലനത്തിനെന്നു പറഞ്ഞാണ്‌ വിളിച്ചുചേർത്തത്‌. എഴുനൂറിൽപ്പരം ഉദ്യോഗസ്ഥർ നടത്തിയ റെയ്‌ഡിൽ 104 കിലോഗ്രാം അനധികൃത സ്വർണമാണ്‌ പിടിച്ചെടുത്തത്‌. ജിഎസ്‌ടി വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർക്ക്‌ ഇടയിൽമാത്രം ഓപറേഷൻ വിവരങ്ങൾ പങ്കുവച്ചു. എറണാകളും, തൃശൂർ, പാലക്കാട്‌ ജില്ലകളിലെ എൻഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡുകൾ, തൃശൂർ, മലപ്പുറം, കോഴിക്കോട്‌, വയനാട്‌ ജില്ലകളിലെ ജിഎസ്‌ടി ഓഡിറ്റ്‌ ഓഫീസർമാർ തുടങ്ങിയവരാണ്‌ ഓപറേഷനിൽ പങ്കെടുത്തത്‌. അഞ്ചു ടൂറിസ്‌റ്റ്‌ ബസും ഏഴു വാനും ഇതിനായി ഉപയോഗിച്ചു. തൃശൂരിലെ വ്യാപാര കേന്ദ്രങ്ങളിലേക്ക്‌ ഉദ്യോഗസ്ഥർ എത്തിയ വാഹനങ്ങളിൽ അയൽക്കൂട്ടങ്ങളുടെ ഉല്ലാസയാത്ര എന്ന ബാനറാണ്‌ കെട്ടിയത്‌. 38 വ്യാപാരികളുടെ സ്വർണാഭരണ നിർമാണകേന്ദ്രങ്ങൾ, വിൽപനകേന്ദ്രങ്ങൾ, വീടുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. 75 ഇടങ്ങളിൽ ഒരേസമയം ഉദ്യോഗസ്ഥർ കയറി. ശരാശരി പത്തുപേർ വീതമായിരുന്നു ഒരോ സ്ഥാപനത്തിലും പരിശോധനയിൽ പങ്കെടുത്തത്‌.സ്‌റ്റോക്ക്‌ രജിസ്‌റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത സ്വർണമാണ്‌ പിടിച്ചെടുത്തത്‌. ഇതിൽ നിർമാണത്തിലിരിക്കുന്നതും ജോലി പൂർത്തിയാക്കിയതുമുണ്ട്‌. സ്വർണം ട്രഷറി ലോക്കറിലേക്ക്‌ മാറ്റി. പിടിച്ചെടുത്തതിൽ കള്ളക്കടത്ത്‌ സ്വർണം ഉണ്ടോയെന്നും പരിശോധിക്കും. കണക്കിൽപ്പെടാത്ത സ്വർണത്തിന്‌ മൂല്യത്തിന്‌ അനുസരിച്ച്‌ നികുതിയും പിഴയും അടയ്‌ക്കേണ്ടിവരും. എങ്കിൽ മാത്രമേ സ്വർണം വിട്ടുനൽകുകയുള്ളൂ. 72 ലക്ഷം രൂപയാണ്‌ ഒരു കിലോ സ്വർണത്തിന്റെ ഏകദേശ വില. ഇതുവരെ നികുതിയും പിഴയുമായി 4.3 കോടി രൂപ വ്യാപാരികളിൽനിന്ന്‌ ഈടാക്കിയിട്ടുണ്ട്‌. സംസ്ഥാന നികുതി വകുപ്പിന്റെ ചരിത്രത്തിലെ എറ്റവും വലിയ റെയ്‌ഡാണ്‌ നടന്നതെന്ന് ധനമന്ത്രി മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അതിനു നേതൃത്വം നൽകുകയും നേരിട്ടു പങ്കെടുക്കുകയും ചെയ്‌ത മുഴുവൻ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.   Read on deshabhimani.com

Related News