സ്വർണം വീണ്ടും കുതിച്ചു ; പവന് 56,800 രൂപ
കൊച്ചി സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ബുധനാഴ്‌ച സംസ്ഥാനത്ത് പവന് 400 രൂപ വർധിച്ച് 56,800 രൂപയും ഗ്രാമിന് 50 രൂപ വർധിച്ച് 7100 രൂപയുമായി. സെപ്തംബർ 27ന് പവൻ വില 56,800 രൂപയിൽ എത്തിയിരുന്നു. അതിനുശേഷം തുടർച്ചയായി മൂന്നുദിവസം വില കുറഞ്ഞു. മൂന്നു ദിവസംകൊണ്ട് കുറഞ്ഞ അത്രയും ബുധനാഴ്ച വർധിച്ചു. പുതിയ വിലപ്രകാരം ഒരു പവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ഹാൾമാർക്കിങ് നിരക്കും ഉൾപ്പെടെ കുറഞ്ഞത് 61,482 രൂപ വേണം. പശ്ചിമേഷ്യൻ യുദ്ധഭീതിയിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിച്ചുയർന്നതാണ് സംസ്ഥാനത്തും വില ഉയർത്തിയത്. അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് (31.1 ഗ്രാം) 2663 ഡോളർ നിലവാരത്തിലാണ്. കൂടുതൽ സുരക്ഷിതമെന്ന നിലയ്ക്ക് നിക്ഷേപകർ വൻതോതിൽ സ്വർണത്തിലേക്ക് മാറിയതാണ് പ്രധാനമായും അന്താരാഷ്ട്ര വില ഉയർത്തിയത്. അമേരിക്കൻ കേന്ദ്ര ബാങ്ക് വീണ്ടും പലിശനിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയും ഡോളർ ശക്തിപ്പെട്ടതും അന്താരാഷ്ട്ര വിലയെ സ്വാധീനിച്ചു. ഇറാൻ–-ഇസ്രയേൽ സംഘർഷം വർധിച്ചാൽ വില വീണ്ടും ഉയരുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. Read on deshabhimani.com