റെക്കോർഡിട്ട് മതിവരാതെ സ്വർണം; പവന് 59,000
തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവില 59,000 രൂപയിലെത്തി. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഗ്രാമിന് 60 രൂപ വർധിച്ച് വില 7,375 രൂപയായി. ഇന്നലെ പവന് 360 രൂപ കുറഞ്ഞിരുന്നു. ഈ മാസം ആദ്യം മുതൽ തന്നെ റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില മുന്നേറുകയാണ്. ഒക്ടോബർ ഒന്നിന് 56,400 രൂപയായിരുന്നു വില. ഒക്ടോബർ 4, 5, 6, 12,13, 14 തീയതികളിൽ വില 56,960 രൂപയിലെത്തി. ഒക്ടോബർ 16നാണ് 57,000 കടന്നത്. ശനിയാഴ്ച 58,000വും കടന്നു. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്ന് 59,000 കടന്നതോടെ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയായി ഇത് മാറി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 78,800 രൂപയാണ്. രാജ്യാന്തര വിപണിയിലെ വില വർധനവാണ് സംസ്ഥാനത്തും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. കൂടുതൽ സുരക്ഷിതമെന്ന നിലയ്ക്ക് നിക്ഷേപകർ വൻതോതിൽ സ്വർണത്തിലേക്ക് മാറിയതും വിലവർധനവിന് കാരണമാകുന്നുണ്ട്. ഇസ്രയേലിന്റെ ലബനൻ, പലസ്തീൻ ആക്രമണവും ഇറാനുമായുള്ള സംഘർഷാന്തരീക്ഷവും നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമെല്ലാം സ്വർണ വിലയിൽ കൂടുതൽ കുതിച്ചു ചാട്ടങ്ങൾക്ക് കാരണമാകും. ഈ വർഷം അവസാനത്തോടെ ഗ്രാമിന് 7,550 മുതൽ 8,000 രൂപ വരെയെത്തിയേക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. ഈ മാസത്തെ സ്വർണവില പവനിൽ ● 01-10-2024: 56,400 ● 02-10-2024: 56,800 ● 03-10-2024: 56,880 ● 04-10-2024: 56,960 ● 05-10-2024: 56,960 ● 06-10-2024: 56,960 ● 07-10-2024: 56,800 ● 08-10-2024: 56,800 ● 09-10-2024: 56,240 ● 10-10-2024: 56,200 ● 11-10-2024: 56,760 ● 12-10-2024: 56,960 ● 13-10-2024: 56,960 ● 14-10-2024: 56,960 ● 15-10-2024: 56,760 ● 16-10-2024: 57,120 ● 17-10-2024: 57,280 ● 18-10-2024: 57,920 ● 19-10-2024: 58,240 ● 20-10-2024: 58,240 ● 21-10-2024: 58,400 ● 22-10-2024: 58,400 ● 23-10-2024: 58,720 ● 24-10-2024: 58,280 ● 25-10-2024: 58,360 ● 26-10-2024: 58,880 ● 27-10-2024: 58,880 ● 28-10-2024: 58,520 ● 29-10-2024: 59,000 Read on deshabhimani.com