തൃശൂരിൽ പട്ടാപ്പകൽ സ്വർണക്കവർച്ച; യുവാക്കളെ ആക്രമിച്ച് രണ്ടരക്കിലോ സ്വര്‍ണം കവർന്നു



തൃശൂർ > തൃശൂരിൽ പട്ടാപ്പകൽ വൻ സ്വർണക്കവർച്ച. സ്വർണാഭരണങ്ങളുമായി വന്നിരുന്ന കാര്‍ തടഞ്ഞ അക്രമിസംഘം കാറിലുണ്ടായിരുന്ന യുവാക്കളെ ആക്രമിച്ച് രണ്ടരക്കിലോ സ്വര്‍ണം കവർന്നു. ദേശീയപാതയിൽ നടന്ന കവർച്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. കാറിനു പിന്നിലുണ്ടായിരുന്ന സ്വകാര്യ ബസിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദേശീയപാതയിൽ കുതിരാന്‍ കല്ലിടുക്കില്‍ വച്ച് ഇന്നലെ 10.30 ഓടെയായിരുന്നു സംഭവം. കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന സ്വർണവ്യാപാരി തൃശൂര്‍ കിഴക്കേക്കോട്ട നടക്കിലാന്‍ അരുണ്‍ സണ്ണി, സുഹൃത്ത് പോട്ട സ്വദേശി റിജോ തോമസ് എന്നിവർ സഞ്ചരിച്ച സ്വിഫ്റ്റ് കാർ തടഞ്ഞാണ് സ്വർണം കവർന്നത്.   രാവിലെ 8.30 ഓടെ കോയമ്പത്തൂരിലെ ആഭരണ നിർമാണ ശാലയിൽ നിന്ന്‌ 2 കിലോ 600 ഗ്രാം ആഭരണവുമായി കാറിൽ വന്നിരുന്ന ഇവരെ മൂന്ന് ഇന്നോവ കാറിലെത്തിയ അക്രമിസംഘം കല്ലിടുക്കിൽ തടയുകയായിരുന്നു. തുടർന്ന് മാരാകായുധങ്ങൾ ഉപയോഗിച്ച് കാർ തല്ലിത്തകർത്തു.  അരുണിന്റെ കാലിൽ ചുറ്റികകൊണ്ട് മര്‍ദിച്ച് അക്രമി സംഘം സ്വര്‍ണം കവർന്നു. തുടർന്ന് അരുണിനെ മൂന്നംഗ സംഘമുള്ള കാറിലും റെജിയെ നാലംഗ സംഘമുള്ള കാറിലും ബലമായി കയറ്റി. മൂന്നാമത്തെ കാറിൽ എത്ര പേരുണ്ടെന്ന് അറിവില്ല. കുട്ടനെല്ലൂർ ഭാഗത്തുകൂടി കടന്ന് പുത്തൂർ പുഴയോരത്ത് റെജി തോമസിനേയും മഹിന്ദ്ര മോട്ടോർ ഷോറൂമിനു സമീപത്ത്‌ അരുൺ സണ്ണിയേയും ഇറക്കിവിട്ടു. റെജി  പുത്തൂരിൽനിന്ന് ഓട്ടോ വിളിച്ചാണ് ഒല്ലൂർ സ്റ്റേഷനിലെത്തിയത്. അരുൺ സണ്ണി ദേശീയപാത പുഴമ്പള്ളം ജങ്ഷന് സമീപത്തെ സുഹൃത്തിന്റെ ഓഫീസിലെത്തി. അവിടെനിന്നാണ് ഒല്ലൂർ പൊലീസിൽ വിവരം അറിയിക്കുന്നത്. തുടർന്ന് ഒല്ലൂർ എസ്എച്ച്ഒ ഫർഷാദ് സംഘവും സ്ഥലത്തെത്തി അരുണിനെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ തേടി. അരുണിന് ശക്തമായ മര്‍ദനമേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പീച്ചി പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.   Read on deshabhimani.com

Related News