അന്വേഷണ സംഘത്തെ പൊളിക്കാൻ നീക്കം: കസ്‌റ്റംസിൽ വീണ്ടും സ്ഥലം മാറ്റ ഭീഷണി
തിരുവനന്തപുരം > സ്വർണക്കടത്ത് കേസ് അന്വേഷണം ബിജെപി നേതൃത്വത്തിലേക്ക് എത്തിയതിനു പിന്നാലെ കേസ് അന്വേഷിക്കുന്ന കസ്‌റ്റംസ് സംഘത്തിലെ ചിലരെക്കൂടി സ്ഥലം മാറ്റാൻ നീക്കം. അന്വേഷണത്തിന് നേതൃത്വം നൽകുന്ന പ്രിവന്റീവ് വിഭാഗം കമീഷണർ ഉൾപ്പെടെയുള്ളവർക്കാണ് സ്ഥലംമാറ്റ ഭീഷണി. ആദ്യഘട്ടത്തിൽ അന്വേഷണത്തിന് നേതൃത്വം നൽകിയ ജോയിന്റ് കമീഷണർ അനീഷ് പി രാജനെ നാഗ്പുരിലേക്ക് മാറ്റി. എട്ടുപേരെയും അതോടൊപ്പം മാറ്റി. പ്രിവന്റീവ് കമീഷണർ സുമിത് കുമാറിനും സൂപ്രണ്ട് വി വിവേകിനുമാണ് ഇപ്പോൾ സ്ഥലംമാറ്റ ഭീഷണി. തുടക്കംമുതൽ ഇരുവരും ബിജെപി നേതൃത്വത്തിന്റെ നോട്ടപ്പുള്ളികളാണ്. അസാമാന്യ ധൈര്യത്തോടെ സുമിത് കുമാർ കൈക്കൊണ്ട തീരുമാനങ്ങളാണ് നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് കേസിനെ ഇതുവരെ എത്തിച്ചത്. ആർഎസ്‌എസ് ചാനൽ ജനം ടിവി മേധാവി അനിൽ നമ്പ്യാരെ ചൊദ്യം ചെയ്യുകയും ഒരു പക്ഷേ അറസ്റ്റിലായേക്കുമെന്ന സൂചനയും വന്നതോടെയാണ് ഇപ്പോഴത്തെ സ്ഥലംമാറ്റ നീക്കം.അനീഷ് പി രാജന് പിന്നാലെ പ്രധാന ഉദ്യോഗസ്ഥരും സ്ഥലംമാറ്റ ഭീഷണിയിലായതോടെ അന്വേഷണസംഘം അങ്ങേയറ്റം നിരാശയിലാണെന്ന് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. അറസ്റ്റിലായ പ്രതികൾ കസ്റ്റംസ് നിയമത്തിലെ 108–-ാം വകുപ്പുപ്രകാരം നൽകിയ മൊഴിയിൽ പരാമർശിക്കുന്ന എല്ലാവരെയും ചോദ്യം ചെയ്യുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഗൂഢാലോചനയിൽ അനിൽ നമ്പ്യാരുടെ പങ്ക് സ്വപ്നയുടെ മൊഴിയിൽ വ്യക്തമായിരുന്നു. എന്നിട്ടും ചൊദ്യം ചെയ്യാൻ വിളിപ്പിക്കാതിരിക്കാൻ കടുത്ത സമ്മർദമുണ്ടായി. എങ്കിലും സുമിത് കുമാർ വഴങ്ങാത്തതിനാലാണ് വൈകിയെങ്കിലും ചോദ്യം ചെയ്‌തത്. Read on deshabhimani.com