പുല്ല് അരിയാൻ യന്ത്രം റെഡി, വാറ്റാൻ യൂണിറ്റും
കൊച്ചി ഇഞ്ചിപ്പുൽക്കൃഷിയുടെയും പുൽത്തൈല വാറ്റിന്റെയും പെരുമ വീണ്ടെടുക്കാൻ പദ്ധതിയുമായി സിഎംഎഫ്ആർഐ -കൃഷിവിജ്ഞാനകേന്ദ്രം (കെവികെ). ഇഞ്ചിപ്പുൽക്കൃഷി അന്യംനിന്നുപോകാനുള്ള പ്രധാന കാരണങ്ങളിലൊന്നായ തൊഴിലാളിക്ഷാമത്തിന് പരിഹാരമായി പുല്ല് അരിയാനുള്ള യന്ത്രത്തിന്റെ പരീക്ഷണം വിജയകരം. കേരള കാർഷിക സർവകലാശാല, കാംകോ എന്നിവയുമായി സഹകരിച്ചായിരുന്നു പരീക്ഷണം. ഓടക്കാലി സുഗന്ധതൈല- ഔഷധസസ്യ ഗവേഷണകേന്ദ്രത്തിന്റെ ഫാമിൽ വിവിധ യന്ത്രങ്ങളുപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിൽ കാംകോയുടെ കെആർ120 എച്ച് മോഡൽ കൊയ്ത്തുയന്ത്രം അനുയോജ്യമാണെന്ന് കണ്ടെത്തി. ഇതുപയോഗിച്ച് മണിക്കൂറിൽ ഒരു ഏക്കർ ഇഞ്ചിപ്പുല്ല് അരിയാം. ഡോ. ആൻസി ജോസഫ്, ഡോ. ജോബി ബാസ്റ്റിൻ, ഡോ. എം വി പ്രിൻസ്, ഡോ. ഷിനോജ് സുബ്രഹ്മണ്യൻ, ഡോ. ഡി ധലിൻ, ജെസികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. കാർഷിക സർവകലാശാലയുടെ സുഗന്ധി, കേന്ദ്ര ഔഷധ- സുഗന്ധ സസ്യ ഗവേഷണകേന്ദ്രത്തിന്റെ കൃഷ്ണ എന്നീ ഇഞ്ചിപ്പുൽ ഇനങ്ങൾ കർഷകരുടെ കൃഷിയിടങ്ങളിൽ പ്രദർശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കെവികെ.സിഎസ്ഐആർ നടപ്പാക്കുന്ന അരോമ പദ്ധതിയിൽ ഉൾപ്പെടുത്തി, തൈലം വാറ്റിയെടുക്കുന്ന ഒരു യൂണിറ്റുകൂടി സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇഞ്ചിപ്പുൽ തൈലത്തിൽനിന്ന് വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിച്ച് ബ്രാൻഡിങ് നടത്തി വിപണിയിലെത്തിക്കും. കർഷകർക്ക് വരുമാനം ഉറപ്പുവരുത്തി കൃഷി സുസ്ഥിരമാക്കുകയാണ് ലക്ഷ്യം. ജില്ലയുടെ കിഴക്കൻ മേഖലകളിൽ വ്യാപകമായിരുന്ന ഇഞ്ചിപ്പുൽക്കൃഷിയുടെയും പുൽത്തൈലം വാറ്റിന്റെയും പെരുമ്പാവൂർ കേന്ദ്രീകരിച്ച് നടത്തിയിരുന്ന തൈലവ്യാപാരത്തിന്റെയും പ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കെവികെ മേധാവി ഡോ. ഷിനോജ് സുബ്രഹ്മണ്യൻ പറഞ്ഞു. താൽപ്പര്യമുള്ള കർഷകർ, കർഷകകൂട്ടായ്മകൾ, സ്വയംസഹായസംഘങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, സൊസൈറ്റികൾ തുടങ്ങിയവർ കെവികെയുമായി ബന്ധപ്പെടണം. ഫോൺ: 85909 41255. Read on deshabhimani.com