കുഞ്ഞൻചട്ടികളിൽ ഹരിത ട്രീകളും കാണാം, മധുരമൂറും 
കേക്ക്‌ പുൽക്കൂട്‌

കലൂർ ഏവിസ് ബേക്കിങ്‌ ആൻഡ്‌ പേസ്ട്രീ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ ഒരുക്കിയ ഭീമൻ കേക്ക്


കൊച്ചി തിരുപ്പിറവിയുടെ സന്തോഷത്തിന്‌ മധുരംപകരും കേക്ക്‌ പുൽക്കൂട്‌. ബെത്‌ലഹേമും കൊച്ചിയും ഒന്നിച്ചുചേർത്ത്‌ ഭീമൻ കേക്ക്‌ പുൽക്കൂട്‌ ഒരുക്കിയിരിക്കുകയാണ്‌ ബേക്കിങ് വിദ്യാർഥികൾ.  ഉണ്ണിയേശു, യൗസേപ്പ്, മേരി, ആട്ടിടയന്മാർ, ആടുകൾ, രാജാക്കന്മാർ... എല്ലാവരും ‘ബെത്‌ലഹേമിലെ’ ഈ പുൽക്കൂട്ടിലുണ്ട്‌. കൊച്ചിയുടെ ചെറുപതിപ്പും ഒരുക്കി. കൊച്ചി മെട്രോ റെയിൽ, ജലമെട്രോ, തോപ്പുംപടി ഹാർബർ പാലം, കൊച്ചി വിമാനത്താവളം, ഫ്ലൈറ്റ്, ദേശീയപാത, വാഹനങ്ങൾ ഉൾപ്പെടെയുണ്ട്‌. ഇതെല്ലാം കേക്കിലാണ്‌. കലൂർ ദേശാഭിമാനി ജങ്‌ഷനുസമീപത്തെ ഏവിസ് ബേക്കിങ്‌ ആൻഡ്‌ പേസ്ട്രീ ഇൻസ്റ്റിറ്റ്യൂട്ടിലെ നൂറോളം വിദ്യാർഥികളാണ്‌ ഈ കേക്കിനുപിന്നിൽ. സ്പഞ്ച് കേക്ക്, ബട്ടർ ക്രീം, കുക്കീസ്, ചോക്ലേറ്റ്‌ പേസ്ട്രീ എന്നിവ ഉപയോഗിച്ചാണ്‌ ഇവ തയ്യാറാക്കിയത്‌. നൂറു കിലോ സാധനങ്ങൾ ഉപയോഗിച്ച്‌ മൂന്നുദിവസംകൊണ്ടാണ് കേക്ക് പുൽക്കൂട് തയ്യാറാക്കിയത്‌. 15 അടി നീളവും നാലടി വീതിയുമുള്ള ടേബിളിലാണ് കേക്ക് പുൽക്കൂട്. ഞായറാഴ്‌ചമുതൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പൊതുജനങ്ങൾക്ക്‌ കേക്ക്‌ കാണാമെന്ന്‌ എക്‌സിക്യൂട്ടീവ് ഡയറക്ടർ സിജോ ജോർജ്‌ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂഷൻ മാനേജിങ്‌ ഡയറക്ടർ സുദീപ് ശ്രീധരൻ, ഹെഡ് ഷെഫ് അഭയ് ആനന്ദ് എന്നിവരുടെ മേൽനോട്ടത്തിലാണ്‌ കേക്ക്‌ തയ്യാറാക്കിയത്‌. ക്രിസ്‌മസ്‌ വിപണിയിൽ കളംപിടിക്കാൻ പരിസ്ഥിതിസൗഹൃദ ക്രിസ്‌മസ്‌ ട്രീകളുമെത്തി. സമ്മാനമായും അലങ്കാരമായും ഉപയോഗിക്കാൻ കഴിയുന്ന ട്രീകളൊരുക്കിയത്‌ നെട്ടൂരിലെ വൈറ്റില ഗവ. കോക്കനട്ട്‌ നഴ്‌സറി, ആലുവയിലെ സ്‌റ്റേറ്റ് സീഡ് ഫാം ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ. ക്രിസ്‌മസ്‌ തീം അനുസരിച്ചുള്ള ചട്ടികളിൽ ഗോൾഡൻ സൈപ്രസ്‌ ഇനത്തിലുള്ള ചെടികളാണ്‌ കോക്കനട്ട്‌ നഴ്‌സറി വിൽപ്പനയ്‌ക്ക്‌ എത്തിച്ചത്‌. സമ്മാനമായി നൽകാൻ കഴിയുന്ന അലങ്കാരച്ചട്ടികളുമുണ്ട്‌. ഫോൺ: 0484–-2700779, 93834 71194. അരോകേറിയ തൈകളാണ്‌ ആലുവയിലെ സ്‌റ്റേറ്റ് സീഡ് ഫാമിന്റെ ഹരിത ട്രീ. കുഞ്ഞൻ മൺചട്ടികളിലും മുളകളിൽ കൊത്തിയെടുത്ത പ്രകൃതിസൗഹൃദ അലങ്കാരപ്പാത്രങ്ങളിലുമാണ്‌ ഇതുള്ളത്‌. ഫോൺ: 93834 71192, 90489 10281. Read on deshabhimani.com

Related News