കടമ്പാട്ടുകോണം–ആര്യങ്കാവ്‌ ഗ്രീൻഫീൽഡ്‌ ദേശീയപാത : ഭൂമി ഏറ്റെടുക്കലിന്‌ പുതുജീവൻ



കൊല്ലം നിർദിഷ്ട കൊല്ലം– -ചെങ്കോട്ട (കടമ്പാട്ടുകോണം–- ആര്യങ്കാവ്‌) ഗ്രീൻഫീൽഡ്‌ ദേശീയപാതയുടെ (744) ഭൂമി ഏറ്റെടുക്കൽ നടപടി പുനഃരാരംഭിക്കുന്നു. തിരുവനന്തപുരം പള്ളിക്കൽ, മടവൂർ, കുടവൂർ, നാവായിക്കുളം വില്ലേജുകളിൽനിന്ന്‌ 8.373 ഹെക്ടർ ഏറ്റെടുക്കാനുള്ള ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പ്രാഥമിക വിജ്ഞാപനം (3എ) കേന്ദ്ര ഗസറ്റിൽ പ്രസിദ്ധീകരിച്ചു. കൊല്ലം ജില്ലയിലെ വിവിധ വില്ലേജുകളിൽനിന്ന്‌ 150 ഹെക്ടർ ഏറ്റെടുക്കാൻ 3എ വിജ്ഞാപനം വൈകാതെ പ്രസിദ്ധീക
രിക്കും. ● തിരുവനന്തപുരം ജില്ലയിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിക്കും നേരത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്നും 54 ഹെക്ടർ ഏറ്റെടുക്കലിന്റെ അവസാനഘട്ട വിജ്ഞാപനമായ 3ഡി പ്രസിദ്ധീകരിച്ചിരുന്നു. കൊല്ലം ജില്ലയിലെ അലയമൺ, അഞ്ചൽ, ഇട്ടിവ, നിലമേൽ വില്ലേജുകളിലെ 23 ഹെക്ടറും തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ, മടവൂർ, കുടവൂർ, നാവായിക്കളം വില്ലേജുകളിലെ 31 ഹെക്ടറുമാണ്‌ ഏറ്റെടുക്കൽ ഘട്ടത്തിൽ എത്തിയത്‌. 3എ വിജ്ഞാപന പ്രകാരം 8.373 ഹെക്ടർ കൂടി ഏറ്റെടുക്കുന്നതോടെ തിരുവനന്തപുരം ജില്ലയിൽ സർക്കാർ, സ്വകാര്യ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകും. ● തെന്മല വില്ലേജിൽ കൂടുതലും വനഭൂമി ദേശീയപാതയ്ക്ക്‌ രണ്ട്‌ ജില്ലകളിൽനിന്നായി ആകെ 252 ഹെക്‌ടറാണ്‌ ഏറ്റെടുക്കേണ്ടത്‌. കൊല്ലം ജില്ലയിലെ അഞ്ചു വില്ലേജുകളിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 3എ വിജ്ഞാപനം നേരത്തെ ഇറങ്ങി. കൊട്ടാരക്കര താലൂക്കിലെ ചടയമംഗലം, ഇട്ടിവ, കോട്ടുക്കൽ, നിലമേൽ, പുനലൂർ താലൂക്കിലെ അലയമൺ, അഞ്ചൽ, ആര്യങ്കാവ്, ആയിരനല്ലൂർ, ഇടമൺ, ഏരൂർ, തെന്മല വില്ലേജുകളിലായാണ്‌ പാത കടന്നുപോകുന്നത്‌. ആര്യങ്കാവ്‌–-തെന്മല–-ഇടമൺ വരെ ആദ്യറീച്ചും ഇടമൺ–-കടമ്പാട്ടുകോണം രണ്ടാമത്തെ റീച്ചുമായാണ്‌ 56 കിലോമീറ്ററിൽ നിർമാണം. 21 കിലോമീറ്റർ വരുന്ന ആദ്യറീച്ചിൽ കൂടുതലും ഏറ്റെടുക്കേണ്ടത്‌ വനഭൂമിയാണ്‌. രണ്ടാമത്തെ റീച്ചിലെ 187 ഹെക്‌ടറിൽ 16.41 ഹെക്‌ടർ വനഭൂമിയാണ്‌. കൊല്ലം ജില്ലയിൽ ആര്യങ്കാവ്‌, തെന്മല, ഇടമൺ, ചടയമംഗലം, അയിരനല്ലൂർ, തിരുവനന്തപുരം ജില്ലയിലെ മടവൂർ വില്ലേജുകളിലാണ്‌ വനഭൂമി ഏറ്റെടുക്കാനുള്ളത്‌.അടങ്കൽ തുക 4047 കോടി രൂപയാണ്‌. ഭൂമി ഏറ്റെടുക്കലിന്‌ 1850 കോടിയാണ്‌ പ്രതീക്ഷിക്കുന്നത്‌. 45 മീറ്ററിലാണ്‌ പാത. വനമേഖലയിൽ 30 മീറ്ററായി ചുരുങ്ങും. Read on deshabhimani.com

Related News