ടെറ ദെൽ ഓറോ; ഒരു ലക്ഷം കോടി രൂപയുടെ വ്യാപാര മേഖലയിൽ നികുതി വകുപ്പിന്റെ ഏറ്റവും വലിയ ഓപ്പറേഷൻ



തിരുവനന്തപുരം> തൃശൂരിൽ നടന്നത്‌ സംസ്ഥാന ജിഎസ്‌ടി ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ്‌ ഓപ്പറേഷൻ. മിന്നൽ റെയ്‌ഡിൽ  104 കിലോഗ്രാം അനധികൃത സ്വർണമാണ് കണ്ടെത്തിയത്. രണ്ടു ദിവസം നീണ്ട ഓപ്പറേഷനിൽ 75 ഇടങ്ങളിൽ ഒരേ സമയം ഉദ്യോഗസ്ഥർ കയറി പരിശോധന നടത്തി. വ്യാപാര സ്ഥാപനങ്ങളും ഫ്ലാറ്റുകളും സൂക്ഷിപ്പ് കേന്ദ്രങ്ങളും വീടുകളും എല്ലാം നികുതി വകുപ്പ് പരിശോധിച്ചു. വെട്ടിപ്പുകൾക്ക് നേരെ വലിയ ചുവടുവെയ്പ്പാണ്  നടത്തിയത്. ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവ് നടക്കുന്നതാണ് കേരളത്തിലെ സ്വർണ്ണ വ്യാപാര മേഖല. സ്വർണ്ണ വ്യപാര മേഖലയിൽ നികുതി ചോർച്ചയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. നികുതി പിരിവ് ഊർജിതമാണെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഇതിന് മറുപടിയും നൽകി. ഇതിന് തുടർച്ചയായാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വീഴ്ചാ പരിശോധന അതീവ രഹസ്യമായി നടത്തി വിജയിപ്പിച്ചത്. ഉദ്യോഗസ്ഥരിൽ പോലും എല്ലാ തലത്തിലും വിവരം ചോരാതെ ആസൂത്രിതമായായിരുന്നു നീക്കങ്ങൾ. തൃശൂർ ജില്ലയിലെ 38 വ്യാപരികളുടെ ആഭരണ നിർമ്മാണ കേന്ദ്രങ്ങൾ, വിൽപന കേന്ദ്രങ്ങൾ, വസതികൾ എന്നിവടങ്ങളിലായിരുന്നു പരിശോധന. പരിശോധന നടക്കുന്ന വിവരമറിഞ്ഞ് കിട്ടിയ ബാഗുകളില്‍ സ്വര്‍ണം വാരിയിട്ട് ഓടിയിറങ്ങിയ ജീവനക്കാരിയെ ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ടുപിടിച്ച സംഭവമുണ്ടായി. ഇവരില്‍നിന്ന് ആറര കിലോഗ്രാം സ്വര്‍ണം പിടികൂടുകയും ചെയ്തു. ബുധനാഴ്‌ച വൈകിട്ട്‌ 4.30ന്‌ ആരംഭിച്ച പരിശോധന വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ പന്ത്രണ്ടോടെയാണ്‌ അവസാനിപ്പിച്ചത്‌. സ്‌റ്റോക്ക്‌ രജിസ്‌റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത സ്വർണമാണ്‌ ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തത്‌. ഇവയിൽ നിർമ്മാണത്തിലിരിക്കുന്നതും, ജോലികൾ പൂർത്തിയാക്കിയതുമായ ആഭരണങ്ങളുമുണ്ട്‌. കണക്കിൽപ്പെടാത്ത സ്വർണത്തിന്‌ മൂല്യത്തിന്‌ അനുസരിച്ച്‌ നികുതിയും പിഴയും ഈടാക്കാനാണ് വകുപ്പ് നീക്കം. 72 ലക്ഷം രൂപയാണ്‌ ഒരു കിലോ സ്വർണ്ണത്തിന്റെ ഏകദേശ വില. ഇതുവരെ വ്യാപാരികളിൽനിന്ന്‌ 4.3 കോടി രൂപ നികുതിയും പിഴയുമായി ഈടാക്കിയിട്ടുണ്ട്‌. കണക്കില്‍പ്പെടാത്ത സ്വര്‍ണം പിടിച്ചെടുക്കുന്നതിനൊപ്പം അഞ്ചു വര്‍ഷമായി ജി.എസ്.ടി. വകുപ്പിനെ അറിയിക്കാതെ നടത്തിയ ഇടപാടുകള്‍ കണ്ടെത്തുകകൂടിയായിരുന്നു പരിശോധനയുടെ ലക്ഷ്യം. കള്ളക്കടത്തായി എത്തുന്ന സ്വര്‍ണം കണക്കില്‍ക്കാണിക്കാതെ വില്‍ക്കുന്ന ശൃംഖലയെയും ലക്ഷ്യമാക്കി.  റെയ്‌ഡിൽ പങ്കെടുത്തത്‌ 700ൽപരം ജിഎസ്‌ടി ഉദ്യോഗസ്ഥരാണ്. ‘ടെറെ ദെൽ ഒറോ’ അഥവാ സ്വർണ ഗോപുരം എന്ന പേരിലായിരുന്നു ഓപ്പറേഷൻ. വിവരം ഒരുവിധത്തിലും ചോരുന്നില്ലെന്ന്‌ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരെ പരിശീലനത്തിന്റെ പേരിൽ വിളിച്ചു ചേർത്താണ് ഓപ്പറേഷൻ നടത്തിയത്. അഞ്ച്‌ ടൂറിസ്‌റ്റ്‌ ബസുകളും ഏഴ്‌ വാനുകളും ഇതിനായി ഉപയോഗിച്ചു. ജിഎസ്‌ടി വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർക്ക്‌ ഇടയിൽമാത്രം ഒപ്പറേഷൻ വിവരങ്ങൾ പങ്കുവച്ചു. എല്ലാ ജില്ലകളിലെയും മുഴുവൻ ഇന്റലിജൻസ്‌ യൂണിറ്റുകൾ, എറണാകളും, തൃശൂർ, പാലക്കാട്‌ ജില്ലകളിലെ എൻഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡുകൾ, തൃശൂർ, മലപ്പുറം, കോഴിക്കോട്‌, വയനാട്‌ ജില്ലകളിലെ ജിഎസ്‌ടി ഓഡിറ്റ്‌ ഓഫീസർമാർ തുടങ്ങിയവരാണ്‌ ഓപ്പറേഷനിൽ പങ്കെടുത്തത്‌. തൃശൂരിൽ എത്തിച്ച വാഹനങ്ങളിൽ വിനോദ സഞ്ചാര സംഘം എന്ന ബാനർ കെട്ടിയിരുന്നു. ഇതേ മാതൃകയിലാണ് വ്യാപാര കേന്ദ്രങ്ങളിലേക്ക്‌ ഉദ്യോഗസ്ഥരെ പരിശോധനയ്ക്കായി എത്തിച്ചത്‌. അയൽക്കൂട്ട സംഘങ്ങളുടെ ഉല്ലായാത്ര എന്ന പേരിലായിരുന്നു ഉദ്യോഗസ്ഥ സംഘത്തിന്റെ വിന്യാസം.പിടിച്ചെടുത്ത സ്വർണം ട്രഷറി ലോക്കറിലേക്ക്‌ മാറ്റിയിരിക്കയാണ്. സംസ്ഥാന നികുതി വകുപ്പിന്റെ ചരിത്രത്തിലെ എറ്റവും വലിയ റെയ്‌ഡിന്‌ നേതൃത്വം നൽകുകയും നേരിട്ട്‌ പങ്കെടുക്കുകയും ചെയ്‌ത മുഴുവൻ ഉദ്യോഗസ്ഥരെയും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അഭിനന്ദിച്ചു. Read on deshabhimani.com

Related News