നിതി ആയോഗ് റിപ്പോർട്ട്: ഗുജറാത്തിൽ 5 വയസിന് താഴെയുള്ള 40 ശതമാനം കുട്ടികൾക്കും ഭാരക്കുറവ്
അഹമ്മദാബാദ്> പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ അഞ്ചു വയസിന് താഴെയുള്ള 39.71 ശതമാനം കുട്ടികൾ ഭാരക്കുറവ് നേരിടുന്നു. 39 ശതമാനം കുട്ടികൾക്ക് വളർച്ചാമുരടിപ്പ് ഉണ്ട്. 15 –- 49 പ്രായത്തിലുള്ള 62.5 ശതമാനം ഗർഭിണികൾക്കും വിളർച്ചയുണ്ട്. നിതി ആയോഗ് പുറത്തുവിട്ട 2023 –-24ലെ സുസ്ഥിര വികസന ലക്ഷ്യം സംബന്ധിച്ച റിപ്പോർട്ടിലാണ് കാൽനൂറ്റാണ്ടിലേറെയായി ബിജെപി ഭരണത്തിലുള്ള സംസ്ഥാനത്തിന്റെ ദുരവസ്ഥ വെളിപ്പെട്ടത്. പട്ടിണിക്കെതിരായ പോരാട്ടത്തിൽ ഗുജറാത്തിന്റെ പ്രകടനം താഴേക്ക് പോവുകയാണെന്നും റിപ്പോർട്ടിലുണ്ട്. 2023 –-24ൽ വിശപ്പുസൂചികയിൽ രാജ്യത്ത് 25ാം സ്ഥാനമാണ് ഗുജറാത്തിന്. പിന്നിലുള്ളത് ഛത്തീസ്ഗഡും ജാർഖണ്ഡും ബിഹാറും മാത്രം. പട്ടിണിയെ നേരിടുന്നതിൽ ഏറ്റവും മുന്നിൽ കേരളമാണെന്നും നിതി ആയോഗ് സാക്ഷ്യപ്പെടുത്തുന്നു. Read on deshabhimani.com