എച്ച്‌എംടി സ്വകാര്യവൽക്കരിക്കില്ല , കമ്പനി നവീകരിച്ച് കൂടുതൽ തൊഴിലവസരങ്ങൾ : കേന്ദ്രമന്ത്രി കുമാരസ്വാമി
കളമശേരി എച്ച്എംടിയെ സ്വകാര്യവൽക്കരിക്കില്ലെന്നും കമ്പനി നവീകരിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്ര ഉരുക്ക്–-ഘന വ്യവസായമന്ത്രി എച്ച് ഡി കുമാരസ്വാമി. കളമശേരി എച്ച്‌എംടി യൂണിറ്റ് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എച്ച്എംടി കമ്പനിയെ നവീകരിക്കുന്നതിന് സാങ്കേതികസമിതിയുടെ ശുപാർശ തേടും. കമ്പനിയുടെ എല്ലാ യൂണിറ്റുകളുടെയും നവീകരണത്തിന് ശുപാർശ സമർപ്പിക്കാൻ വിദഗ്‌ധസമിതിയെ നിയമിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് അനുസരിച്ചാകും ഭാവിനടപടി. ഇതിനകം ഹരിയാന, ഹൈദരാബാദ്, പിഞ്ചോർ, ബംഗളൂരു യൂണിറ്റുകൾ സന്ദർശിച്ചു. കമ്പനിയുടെ ഭൂമി വിൽക്കുകയോ സംസ്ഥാനത്തിന് കൈമാറുകയോ ചെയ്യില്ല. ഭാവിയിൽ കമ്പനി വിപുലീകരണത്തിന് ഭൂമി ആവശ്യമായി വന്നേക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായമന്ത്രി പി രാജീവ്, ഹൈബി ഈഡൻ എംപി, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, സംസ്ഥാന വ്യവസായവകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, എച്ച്എംടി ജനറൽ മാനേജർ എം ആർ വി രാജ എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. നിവേദനം നൽകി ; ആശങ്ക വേണ്ടെന്ന് കേന്ദ്രമന്ത്രി എച്ച്എംടിയെ ആധുനികവൽക്കരിക്കണമെന്നും പുതിയ നിയമനങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ട് ജീവനക്കാരും ഓഫീസേഴ്സ് അസോസിയേഷനും കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് നിവേദനം നൽകി. 27 വർഷംമുമ്പുള്ള ശമ്പളഘടന നിലനിൽക്കെയാണ് കളമശേരി യൂണിറ്റിനെ തുടർച്ചയായി ലാഭത്തിൽ നിലനിർത്തുന്നത്. കാലാനുസൃതമായി ശമ്പളം പരിഷ്കരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രൊഫഷണൽ മാനേജ്മെന്റിനെ നിയമിക്കുക, വിരമിക്കൽ ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പ്രതിരോധസേന, റെയിൽവേ എന്നിവയ്‌ക്കായി കളമശേരി യൂണിറ്റിൽ സ്‌പെഷ്യൽ ടൈപ്പ് യന്ത്രങ്ങൾ നിർമിക്കുന്നുണ്ട്. ലോകത്തിൽ നേവൽ ഷിപ്പുകൾക്ക് ആവശ്യമായ ഡയറക്ടിങ് ഗിയർ നിർമിക്കുന്ന മൂന്നാമത്തെ വ്യവസായശാലയാണിത്. റെയിൽവേയ്‌ക്കുവേണ്ടി രൂപകൽപ്പന ചെയ്ത ‘സർഫസ് വീൽ ലെയ്ത്ത്' അഞ്ചു മീറ്റർ നീളമുള്ള മിസൈൽ നിർമിക്കാനുള്ള ‘സിഎൻസി ലെയ്ത്ത്’ എന്നിവ കമ്പനിയുടെ അഭിമാന ഉൽപ്പന്നങ്ങളാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ആശങ്ക വേണ്ടെന്നും കമ്പനിയുടെ പൂർവകാലപ്രശസ്തി വീണ്ടെടുക്കാൻ ആത്മാർഥമായി ശ്രമിക്കുമെന്നും യൂണിയൻ നേതാക്കൾക്ക് മന്ത്രി ഉറപ്പുനൽകി. സാങ്കേതികസമിതി റിപ്പോർട്ട് ലഭിച്ചാലുടൻ പുനരുദ്ധാരണനടപടികൾ ആരംഭിക്കുമെന്നും അതോടെ കമ്പനി നേരിടുന്ന പ്രശ്നങ്ങൾ അവസാനിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. Read on deshabhimani.com