ഹജ്ജ്: 16,669 അപേക്ഷകർ; സെപ്തംബർ 23 വരെ സമയം
മലപ്പുറം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് ഇതുവരെ 16,669 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു. 3536 അപേക്ഷകൾ 65 വയസ്സിനുമുകളിലുള്ളവരിൽനിന്നും 11,321 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ്. സൂക്ഷ്മപരിശോധനക്കുശേഷം യോഗ്യമായ അപേക്ഷകൾക്ക് കവർ നമ്പറുകൾ അനുവദിച്ചുതുടങ്ങി. ഇതുവരെ 14,915 പേർക്ക് കവർ നമ്പറുകൾ അനുവദിച്ചു. കവർ നമ്പർ അപേക്ഷകന് മെസേജ് ആയി ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐഡിയും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻചെയ്തും കവർ നമ്പർ പരിശോധിക്കാം. കവർ നമ്പറിനുമുന്നിൽ 65നുമുകളിൽ വയസ്സ് വിഭാഗത്തിന് കെഎൽആർ എന്നും ലേഡീസ് വിതൗട്ട് മെഹറത്തിന് കെഎൽ ഡബ്ല്യൂഎം എന്നും ജനറൽ വിഭാഗത്തിന് കെഎൽഎഫ് എന്നുമാണ് കാണുക. അപേക്ഷ നൽകാനുള്ള അവസാന തീയതി 23 ആണ്. 2026 ജനുവരി 15വരെയെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ട് ഉള്ളവർക്ക് അപേക്ഷിക്കാം. Read on deshabhimani.com