കൂടുവിട്ട് ഹനുമാൻ കുരങ്ങുകൾ ,
തിരുവനന്തപുരം തിരുപ്പതിയിൽനിന്നും ഹരിയാനയിൽനിന്നും തിരുവനന്തപുരം മൃഗശാലയിലെത്തിച്ച മൂന്നു പെൺഹനുമാൻ കുരങ്ങുകൾ തിങ്കളാഴ്‌ച കൂടുവിട്ട് പുറത്തുചാടി. തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയിൽനിന്ന് കഴിഞ്ഞ വർഷം ജൂണിലും ഹരിയാനയിലെ റോഹ്‌തക്കിൽനിന്ന് കഴിഞ്ഞ സെപ്‌തംബറിലുമെത്തിച്ച പെൺകുരങ്ങുകളാണ് പുറത്തുചാടിയത്. കുരങ്ങുകളുടെ പരിപാലനത്തിനായി നിയമിച്ചിട്ടുള്ള ജീവനക്കാർ ഞായർ രാത്രി പന്ത്രണ്ടോടെ നടത്തിയ പരിശോധനയിൽ നാലു കുരങ്ങും കൂട്ടിലുണ്ടായിരുന്നു. അതിനുശേഷമാണ് പുറത്ത് പോയതെന്നാണ് നിഗമനം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തുറന്ന കൂടിന്റെ സമീപത്തെ ഉയരമുള്ള രണ്ട് മരത്തിലായി മൂന്ന് കുരങ്ങുകളെയും കണ്ടെത്തി. ഇവർ ഇരിക്കുന്ന മരത്തിനുതാഴെ ഭക്ഷണംവച്ച് താഴെയെത്തിക്കാനുള്ള ശ്രമവും അധികൃതർ നടത്തുന്നുണ്ട്. കൂട്ടിലുള്ള ആൺകുരങ്ങുമായി ആശയവിനിമയം നടക്കുന്നതിനാൽ ദൂരേക്ക് പോകില്ലെന്നും ഉപദ്രവകാരികളല്ലാത്ത ഇത്തരം കുരങ്ങുകൾ സാധാരണഗതിയിൽ സ്വയം തിരിച്ചുവരാറുണ്ടെന്നും മൃഗശാല അധികൃതർ പറയുന്നു. 2023 ജൂൺ അഞ്ചിന് തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്ന് കൊണ്ടുവന്ന ഒരു ജോഡി ഹനുമാൻ കുരങ്ങുകളെ സമ്പർക്കവിലക്കിനുശേഷം തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടെ ഇതിലെ പെൺ കുരങ്ങ് ചാടിപ്പോയിരുന്നു. ഒരു മാസത്തോളം നഗരത്തിൽ കറങ്ങിനടന്ന കുരങ്ങിനെ ജൂലൈ ആറിന് പാളയത്തെ ജർമൻ സാംസ്കാരിക കേന്ദ്രത്തിൽനിന്നാണ് പിടികൂടിയത്. ഇപ്പോൾ പുറത്തുചാടിയതിൽ ഈ കുരങ്ങുമുണ്ട്. ഉയരമുള്ള മരക്കൊമ്പുകളെല്ലാം മുറിച്ചുമാറ്റി കൂട് പൂർണ സുരക്ഷയുള്ളതാണെന്ന് ഉറപ്പുവരുത്തിയിരുന്നു. എന്നാൽ, മഴയിൽ കൂട്ടിനടുത്തേക്ക് ചാഞ്ഞ മുളയിലൂടെയാകാം പുറത്തേക്ക് കടന്നതെന്നാണ് കരുതുന്നത്. 2002ലാണ് മൃഗശാലയിൽ കുരങ്ങൻമാർക്കായി തുറന്ന കൂട് നിർമിച്ചത്. Read on deshabhimani.com