മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ ; 68 ഹരിത ടൂറിസം കേന്ദ്രങ്ങളുടെ പ്രഖ്യാപനം നവംബർ 1ന്



തിരുവനന്തപുരം > മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിലൂടെ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ മുഖം മാറ്റാനൊരുങ്ങി സർക്കാർ. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 68 വിനോദ സഞ്ചാര കേന്ദ്രങ്ങളെ നവംബർ 1 ന് ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കും. ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിൽ മാലിന്യസംസ്കരണം, പ്ലാസ്റ്റിക് നിരോധനം നടപ്പാക്കൽ, ബദൽ സംവിധാനങ്ങൾ ഒരുക്കൽ, വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ തുടങ്ങിയ ശുചിത്വ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഹരിത ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. വാടിക (കോട്ട മൈതാനം, പാലക്കാട്‌) , അടവി ഇക്കോ ടൂറിസം കേന്ദ്രം- പത്തനംതിട്ട, നിലമ്പൂർ തേക്ക് മ്യൂസിയം, കാരാപ്പുഴ ഡാം- വയനാട്, ലോകനാർകാവ് ക്ഷേത്രം- കോഴിക്കോട്, വിജയ ബീച്ച് പാർക്ക്- ആലപ്പുഴ, പാണിയേലിപോര്- എറണാകുളം, കാൽവരി മൗണ്ട്- ഇടുക്കി, ജബ്ബാർകടവ്- കണ്ണൂർ, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, ബേക്കൽകോട്ട തുടങ്ങി 68 വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ആദ്യ ഘട്ടത്തിൽ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നത്. അടുത്ത ഘട്ടത്തിൽ ജലസുരക്ഷ, ജൈവവൈവിദ്ധ്യ സംരക്ഷണം, ഊർജ്ജ സംരക്ഷണം തുടങ്ങിയവ പരിഗണിച്ചായിരിക്കും ഹരിതം ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുന്നത്. Read on deshabhimani.com

Related News