പോള ഇനി വരുമാനമാർഗം

നീലംപേരൂർ ഈര ഭാഗത്ത്‌ കെട്ടുകളാക്കിവച്ചിരിക്കുന്ന പോളത്തണ്ടുകൾ


കോട്ടയം > ജലാശയത്തിൽ നിറയുന്ന പോളയെ ശല്യമായി കാണുന്ന കാലം പോയി. ഇവയിനി വരുമാനമാർഗംകൂടിയാണ്‌. ഹരിതകേരളം മിഷൻ നേതൃത്വത്തിൽ പോളകൾ വിൽക്കാനുള്ള സൗകര്യമൊരുക്കിയതോടെയാണ്‌ സാധാരണക്കാർക്ക്‌ വരുമാനത്തിന്‌ അവസരമൊരുങ്ങിയത്‌. തൊഴിലുറപ്പ്‌ തൊഴിലാളികൾ വെട്ടിയെടുക്കുന്ന പോളകൾ ഹരിതകേരളം മിഷൻ ചുമതലപ്പെടുത്തിയ തമിഴ്നാട്ടിലെ മധുരയിലുള്ള "റോപ്പ്‌' എന്ന സ്റ്റാർട്ടപ്പ് കമ്പനിക്ക്‌ കൈമാറുന്നു. കിലോയ്‌ക്ക്‌ 10 രൂപ നിരക്കിൽ തൊഴിലാളികൾക്ക്‌ കൂലി ലഭിക്കും.   നീക്കം ചെയ്യുന്ന പോളകൾ വാരിയെടുത്ത് വരമ്പത്ത്‌ വയ്‌ക്കുകയോ മുറിച്ച്‌ കായലിലേക്ക് ഒഴുക്കിവിടുകയോ ചെയ്യുന്നതായിരുന്നു പതിവ്. എന്നാലിപ്പോൾ തൊഴിലുറപ്പ് പദ്ധതിയിലെ സ്‌ത്രീകൾ പോളകൾ വാരി ഇലയും വേരും നീക്കംചെയ്ത്‌ ഓരോ കിലോയുടെ കെട്ടുകളാക്കും. ഇത്‌ കമ്പനിക്ക്‌ കൈമാറും. പഞ്ചായത്തിന് പണച്ചെലവില്ലാതെ പോളശല്യം ഒഴിവായി കിട്ടുകയും ചെയ്യും.   നീലംപേരൂർ പഞ്ചായത്തിൽനിന്ന്‌ മാത്രം ഇതിനകം 1,50,000 കിലോ പോളത്തണ്ടാണ് ഇപ്രകാരം നീക്കം ചെയ്തത്. പതിനഞ്ച്‌ ലക്ഷം രൂപ ഇതിലൂടെ തൊഴിൽക്കൂട്ടങ്ങൾക്ക് ലഭിച്ചു. മധുരയിലെ കമ്പനി ഈ പോളകൾ സംസ്കരിച്ച്‌ ഉൽപ്പന്നങ്ങൾ നിർമിച്ച്‌ കയറ്റുമതി ചെയ്യും.    പോളയിൽനിന്ന്‌ നീക്കുന്ന ഇലയും വേരും വളമാക്കി മാറ്റുന്നതിനുള്ള സാധ്യതകൾ സംബന്ധിച്ച്‌ നവകേരളം മിഷൻ സംസ്ഥാന കോർഡിനേറ്റർ ഡോ. ടി എൻ സീമയുമായി നദീസംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ. കെ അനിൽകുമാർ, തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ, പദ്ധതി ഭാരവാഹികൾ എന്നിവർ കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. Read on deshabhimani.com

Related News