ഹരിതകർമസേന– യൂസർഫീ: കുറഞ്ഞനിരക്ക്‌ തുടരാം



തിരുവനന്തപുരം വീടുകളിൽനിന്ന് അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിതകർമസേനയ്‌ക്ക്‌ കുറഞ്ഞ യൂസർഫീ (സേവന പ്രതിഫലത്തുക) തുടരാം. തദ്ദേശവകുപ്പിന്റെ പുതുക്കിയ മാർഗരേഖയിലാണ്‌ നിലവിലെ പ്രതിമാസ നിരക്കായ 50 രൂപ (പഞ്ചായത്ത്‌), 70 രൂപ (നഗരസഭ) എന്നത്‌ തുടരാമെന്ന്‌ വ്യക്തമാക്കിയത്‌. സ്ഥാപനങ്ങൾക്ക് 100 രൂപയാണ്‌ പ്രതിമാസ നിരക്ക്‌. എന്നാൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കനുസരിച്ചും നിരക്ക് വ്യത്യാസപ്പെടും. ഇത്തരത്തിൽ നിശ്ചയിക്കുന്ന തുക തദ്ദേശസ്ഥാപന ഭരണസമിതി തീരുമാനമെടുത്ത് പ്രസിദ്ധീകരിക്കണം. വലിയ അളവിൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങളിൽനിന്ന്‌ പ്രതിമാസം അഞ്ചു ചാക്ക് മാലിന്യം വരെ കുറഞ്ഞത് 100- രൂപ നിരക്കിലും അധികംവരുന്ന ഓരോ ചാക്കിനും കുറഞ്ഞത്‌ 100 രൂപ വീതവും ഈടാക്കണം. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള ജൈവമാലിന്യത്തിന്‌ തൂക്കത്തിന്‌ ആനുപാതികമായി തുക ഈടാക്കാം. കിലോ ഏഴു രൂപയാണ്‌ കുറഞ്ഞനിരക്ക്‌. യൂസർഫീ നിശ്ചയിക്കുന്നതിന്റെയും കൃത്യമായി ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുന്നതിന്റെയും ചുമതല തദ്ദേശസ്ഥാപനത്തിനായിരിക്കും. പ്രതിമാസ യൂസർഫീ നൽകാതിരിക്കുന്ന ഉടമകളിൽനിന്ന്‌ ഇത്‌ കുടിശ്ശിക, കെട്ടിട നികുതി എന്നിവ പോലെ ഈടാക്കണം. ഇത്തരത്തിൽ ഈടാക്കുന്ന തുക തദ്ദേശസ്ഥാപന സെക്രട്ടറി ഹരിതകർമസേന കൺസോർഷ്യം അക്കൗണ്ടിലേക്ക് കൈമാറണം. യൂസർഫീ ശേഖരണത്തിന്‌ ഉപയോഗിക്കുന്ന രസീത് ഏകീകൃത രൂപത്തിലായിരിക്കണമെന്നും മാർഗരേഖയിലുണ്ട്‌. Read on deshabhimani.com

Related News