ബിജെപിയിൽ ചേക്കേറിയത് ഗുരുതര അച്ചടക്കനടപടി നേരിട്ടയാൾ: സിപിഐ എം
കായംകുളം > ഗുരുതരമായ സ്വഭാവദൂഷ്യത്തിന് പാർടി അച്ചടക്കനടപടി എടുത്തയാളാണ് ബിജെപിയിൽ ചേക്കേറിയ ബിപിൻ സി ബാബു എന്ന് സിപിഐ എം കായംകുളം ഏരിയ കമ്മിറ്റി. മറ്റൊരു സ്‌ത്രീയുമായുള്ള ബന്ധത്തെ ചോദ്യംചെയ്‌തതിന് ക്രൂരമായി മർദിച്ചെന്ന് കാട്ടി ഇയാളുടെ ഭാര്യ നൽകിയ പരാതിയിലാണ് പാർടി നടപടി സ്വീകരിച്ചത്. വർഗീയ സംഘടനയിൽ ചേർന്നയുടനെ സിപിഐ എമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പ്രസ്‌താവനയിൽ പറഞ്ഞു. കുടുംബജീവിതത്തിൽ പൊതുപ്രവർത്തകന് യോജിക്കാത്ത പ്രവൃത്തി ഉണ്ടായതായി പാർടി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ക്രൂരമായ പീഡനത്തിനിരയായെന്നാണ് ഇയാളുടെ ഭാര്യയുടെ പരാതിയിലുണ്ടായിരുന്നത്. നടപടിക്കുശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അടക്കം ഒരു പരിപാടികളിലും ഒന്നരവർഷത്തോളമായി പങ്കെടുത്തിട്ടില്ല. പൊതുരംഗങ്ങളിൽനിന്ന് പാർടി ബോധപൂർവം ഇയാളെ അകറ്റിനിർത്തിയിരുന്നു. എന്നാൽ, ബിജെപിയിൽ ചേർന്നയുടനെ പാർടിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. സ്വന്തം സ്വഭാവവൈകല്യത്തെയും അതുവഴി നേരിട്ട നടപടികളെയും ന്യായീകരിക്കാനും വെള്ളപൂശാനുമാണ് രാഷ്‌ട്രീയമാറ്റത്തിലൂടെ ശ്രമിക്കുന്നതെന്നും ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ അറിയിച്ചു. Read on deshabhimani.com