സംസ്ഥാനത്ത് അടുത്ത എഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം > കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുന മർദ്ദ പാത്തി ദുർബലമായി. കേരളത്തിൽ അടുത്ത എഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്ഥാൻ തീരത്തിനും മുകളിലായി 'അസ്ന' ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ തീരത്ത് നിന്ന് അകന്ന് പോകുന്ന 'അസ്ന'നാളെ രാവിലെ വരെ ചുഴലിക്കാറ്റായി തുടരും. സെപ്റ്റംബർ 2 രാവിലെയോടെ തീവ്ര ന്യുന മർദ്ദമായി ശക്തി കുറയാൻ സാധ്യതയുണ്ട്. വടക്കൻ ആന്ധ്രാപ്രദേശിനും തെക്കൻ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു . ഇന്ന് അർദ്ധ രാതിയോടെ വിശാഖപട്ടണത്തിനും ഗോപാൽപ്പൂരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യത. Read on deshabhimani.com