വിവേചനം, ലൈംഗിക ചൂഷണം ; ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത്‌



തിരുവനന്തപുരം സിനിമാമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ്‌ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട്‌ പുറത്ത്‌. നടി രഞ്ജിനിയുടെ ഹർജി  ഹൈക്കോടതി തള്ളിയതോടെ തിങ്കൾ പകൽ രണ്ടരയോടെ സംസ്ഥാന പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ റിപ്പോർട്ട്‌ പുറത്തുവിട്ടു. വേതനത്തിൽ സ്‌ത്രീ, പുരുഷ വിവേചനമുണ്ടെന്നും പലവിധ ലൈംഗിക ചൂഷണത്തിന്‌ സ്‌ത്രീകൾ ഇരയാകുന്നുണ്ടെന്നും വ്യക്തമാക്കിയ റിപ്പോർട്ടിൽ അവ തടയാനുള്ള ശുപാർശകളുമുണ്ട്‌. ‘ആകാശത്ത്‌ നിഗൂഢത നിറഞ്ഞിരിക്കുന്നു’ എന്ന വാചകത്തോടെ തുടങ്ങുന്ന റിപ്പോർട്ടിൽ, മൊഴികൾ കേട്ട്‌ കമ്മിറ്റിയംഗങ്ങൾ ഞെട്ടിയെന്നും പറയുന്നു. രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്നതിന്‌ കമ്മിറ്റിയംഗങ്ങൾ തന്നെയാണ്‌ റിപ്പോർട്ട്‌ ടൈപ്പ്‌ ചെയ്തതെന്നും പറയുന്നു.ജസ്റ്റിസ്‌ കെ ഹേമ അധ്യക്ഷയും കെ ബി വത്സലകുമാരി, നടി ശാരദ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയെ 2017 ജൂലൈ ഏഴിനാണ്‌ സർക്കാർ നിയോഗിച്ചത്‌. ഡബ്ല്യുസിസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ഇത്‌. 2019 ഡിസംബർ 31ന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു.   വ്യക്തിഗത പരാമർശങ്ങൾ ഉള്ളതിനാൽ റിപ്പോർട്ട്‌ പുറത്തുവിടുന്നതിനെ ജസ്‌റ്റിസ്‌ ഹേമയും മുൻ മുഖ്യ വിവരാവകാശ കമീഷണർ  വിൻസൻ എം പോളും എതിർത്തിരുന്നു. വ്യക്തിഗത പരാമർശങ്ങൾ ഒഴിവാക്കി പുറത്തുവിടാമെന്ന്‌ ഇപ്പോഴത്തെ കമീഷണർ അബ്ദുൾ ഹക്കീമും ഹൈക്കോടതിയും ഉത്തരവിട്ടതോടെയാണ്‌ അഞ്ച് വർഷത്തിനുശേഷം  റിപ്പോർട്ട്‌ വെളിച്ചം കണ്ടത്. റിപ്പോർട്ട്‌ പുറത്തുവിടണമെന്ന നിലപാടാണ്‌ സർക്കാർ ആദ്യംമുതലേ എടുത്തത്‌. റിപ്പോർട്ടിന്റെ 295 പേജിൽ 233 പേജുകളും പുറത്തുവന്നു. 49–ാം പേജിലെ 96–ാം ഖണ്ഡികയും  81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും 165 മുതൽ 196 വരെയുള്ള ഖണ്ഡികകളും അനുബന്ധവും ഒഴിവാക്കിയാണ്‌ റിപ്പോർട്ട്‌ പുറത്തുവിട്ടിട്ടുള്ളത്‌. ● സിനിമയിൽ കാസ്റ്റിങ് കൗച്ച്  ● ഒറ്റയ്‌ക്ക്‌ ഹോട്ടൽമുറിയിൽ കഴിയാൻ സ്‌ത്രീകൾക്ക് ഭയം ● പല രാത്രികളിലും  സിനിമയിലെ  പുരുഷൻമാർ നിരന്തരം വാതിലിൽ‌ ശക്തിയായി ഇടിക്കാറുണ്ട് ● വാതിൽ തകർത്ത് അകത്തുകയറുമെന്ന് ഭയമുള്ളതിനാൽ മിക്കവരും ഷൂട്ടിങ്ങിനെത്തുന്നത് മാതാപിതാക്കൾക്കൊപ്പം ● സിനിമയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതി പലരെയും നിശബ്ദരാക്കുന്നു ● കേസിനു പോയാൽ സൈബർ ആക്രമണം പോലുള്ള ഉപദ്രവങ്ങൾ ഉണ്ടാകുമെന്ന് നടിമാർക്ക്‌ ഭയം ● പ്രശസ്‌തരിൽനിന്നുപോലും ലൈംഗിക ചൂഷണം   ● മോശം അനുഭവം ഉണ്ടായതിന്റെ പിറ്റേന്ന്‌ ഉപദ്രവിച്ച ആളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്നു. മാനസികമായി തകർന്നതിനാൽ 17 റീ ടേക്കുകൾ വേണ്ടിവന്നതിന്‌ സംവിധായകൻ കഠിനമായി വിമർശിച്ചു ● നടിമാർക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങളും ഉപദ്രവങ്ങളും കമ്മിറ്റിയെ ഞെട്ടിച്ചു   പ്രധാന ശുപാർശകൾ ● ജുഡീഷ്യൽ ട്രിബ്യൂണൽ വേണം ● കരാർ നിർബന്ധം ● 2020ലെ ‘ കേരള സിനി എംപ്ലോയേഴ്‌സ്‌ ആൻഡ് എംപ്ലോയീസ്‌ ആക്ട്‌ ’ നടപ്പാക്കണം ● കുറ്റവാളികളെ ശിക്ഷിക്കണം ● നിർമാതാക്കളുടെ ഡ്രൈവർമാരെ നിയമിക്കുന്നതിൽ ജാഗ്രത വേണം    ● അംഗീകൃത പ്രൊഡ്യൂസർമാർ ഒഴിച്ചുള്ളവർ  സമൂഹമാധ്യമങ്ങൾവഴി സിനിമയുടെ ഓഡിഷന്‌ വിളിക്കരുത്‌ ● സിനിമയിലെ സ്‌ത്രീകളെ നേരിട്ടോ അല്ലാതെയോ അപകീർത്തിപ്പെടുത്തരുത്‌ ● വനിതാനിർമാതാക്കളുടെ സിനിമകൾക്ക്‌ പുരസ്‌കാരം നൽകണം ● ബജറ്റിൽ വനിതകളുടെ സിനിമകൾക്ക്‌ ആനുകൂല്യം  പ്രഖ്യാപിക്കണം ● സെറ്റുകളിൽ മദ്യവും മയക്കുമരുന്നും ഉപയോഗിക്കരുത്‌  ● പരാതികൾ നൽകാൻ കുറ്റമറ്റ സംവിധാനം  ● ലിംഗസമത്വത്തെ കുറിച്ച്‌ ഓൺലൈൻ ക്ലാസ്‌  ● വായ്‌പ വേഗം ലഭ്യമാക്കാൻ സംവിധാനം  ● കൂടുതൽ തിയറ്ററുകൾ   ● ഫിലിം സ്‌റ്റഡി സെന്ററുകളിൽ വനിതകൾക്ക്‌ സംവരണം  ● സ്‌ത്രീ കഥാപാത്രങ്ങൾക്ക്‌ കൂടുതൽ പ്രാധാന്യം ● സ്‌ത്രീകളെ  മോശമായി ചിത്രീകരിക്കരുത്‌ പരാതി കിട്ടിയാൽ 
കർശന നടപടി : മന്ത്രി സജി ചെറിയാൻ സിനിമാമേഖലയിലെ ചൂഷണവുമായി ബന്ധപ്പെട്ട്‌ സിനിമാ പ്രവർത്തകർ പരാതി നൽകിയാൽ കർശന നടപടിയുണ്ടാകുമെന്ന്‌  സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. കമ്മിറ്റിക്ക്‌ മൊഴി നൽകിയവർ അതിൽ ഉറച്ചുനിന്നാൽ അവ പരിശോധിക്കും–- മന്ത്രി ഹരിപ്പാട് മാധ്യമങ്ങളോട്‌ പറഞ്ഞു.  പരാതിയുണ്ടെങ്കിൽ സിനിമ– -സീരിയൽ രംഗത്തെ ആർക്കും സർക്കാരിനെ സമീപിക്കാം. സ്വകാര്യത നഷ്ടമാകാതെതന്നെ കർശന നടപടിയെടുക്കും.   ഡബ്ല്യുസിസി അടക്കമുള്ള ചില സംഘടനകൾ പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിലാണ്‌ ഹേമ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്‌.  റിപ്പോർട്ടിലെ സ്വകാര്യ മൊഴികളുള്ള ഭാഗം വായിച്ചിട്ടില്ല. നിർദേശങ്ങളും നിഗമനങ്ങളും ചർച്ച ചെയ്‌ത്‌ പരിഹരിക്കാൻ രണ്ടുമാസത്തിനകം സിനിമ കോൺക്ലേവ്​ നടത്തും.  റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയതിന്റെ ഉത്തരവാദിത്വം സർക്കാരിന്റെ തലയിൽ കെട്ടിവയ്‌ക്കേണ്ട. റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടെന്ന്​ പറഞ്ഞത്​ മുൻ മുഖ്യ വിവരാവകാശ കമീഷണറാണെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News