ഹേമാ കമ്മിറ്റി റിപ്പോർട്ട്: അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കണം- ലിജോ ജോസ് പെല്ലിശ്ശേരി
തിരുവന്തപുരം > ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നതായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. നിശബ്ദത ഇതിനു പരിഹാരമാകില്ലെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു. സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് തിങ്കളാഴ്ചയാണ് പുറത്തു വന്നത്. വേതനത്തിൽ സ്‌ത്രീ, പുരുഷ വിവേചനമുണ്ടെന്നും പലവിധ ലൈംഗിക ചൂഷണത്തിന് സ്‌ത്രീകൾ ഇരയാകുന്നുണ്ടെന്നും വ്യക്തമാക്കിയ റിപ്പോർട്ടിൽ അവ തടയാനുള്ള ശുപാർശകളുമുണ്ട്. റിപ്പോർട്ടിന്റെ 295 പേജിൽ 233 പേജുകളും പുറത്തുവന്നു. 49–ാം പേജിലെ 96–ാം ഖണ്ഡികയും 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും 165 മുതൽ 196 വരെയുള്ള ഖണ്ഡികകളും അനുബന്ധവും ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടിട്ടുള്ളത്. സിനിമയിൽ കാസ്റ്റിങ് കൗച്ച്, ഒറ്റയ്‌ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്‌ത്രീകൾക്ക് ഭയം,പല രാത്രികളിലും സിനിമയിലെ പുരുഷൻമാർ നിരന്തരം വാതിലിൽ ശക്തിയായി ഇടിക്കാറുണ്ട്, വാതിൽ തകർത്ത് അകത്തുകയറുമെന്ന് ഭയമുള്ളതിനാൽ മിക്കവരും ഷൂട്ടിങ്ങിനെത്തുന്നത് മാതാപിതാക്കൾക്കൊപ്പം, സിനിമയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതി പലരെയും നിശബ്ദരാക്കുന്നു, കേസിനു പോയാൽ സൈബർ ആക്രമണം പോലുള്ള ഉപദ്രവങ്ങൾ ഉണ്ടാകുമെന്ന് നടിമാർക്ക് ഭയം, പ്രശസ്‌തരിൽനിന്നുപോലും ലൈംഗിക ചൂഷണം തുടങ്ങിയവയാണ് പ്രധാന കണ്ടെത്തലുകൾ. ജസ്റ്റിസ് കെ ഹേമ അധ്യക്ഷയും കെ ബി വത്സലകുമാരി, നടി ശാരദ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയെ 2017 ജൂലൈ ഏഴിനാണ് സർക്കാർ നിയോഗിച്ചത്. ഡബ്ല്യുസിസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചു. Read on deshabhimani.com