ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ലക്ഷ്യം കാണുന്നു ; ദുരനുഭവങ്ങൾ പങ്കുവച്ച് സിനിമാ ലോകം



തിരുവനന്തപുരം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്നതോടെ ധൈര്യപൂർവം ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ്‌ മലയാള സിനിമാ മേഖലയിലെ സ്‌ത്രീകൾ. കുറ്റക്കാർ എത്ര ഉന്നതനായാലും നടപടിയെടുക്കുമെന്ന സർക്കാർ നിലപാടിന്റെ കരുത്തിലും വിശ്വാസ്യതയിലുമാണ് ജൂനിയർ ആർട്ടിസ്റ്റുമാർ മുതൽ മുൻനിര താരങ്ങൾവരെ ലെെംഗികപീഡനങ്ങളടക്കം മാധ്യമങ്ങൾക്കുമുന്നിലും സമൂഹമാധ്യമങ്ങളിലുമായി പങ്കുവയ്‌ക്കുന്നത്. ബംഗാളി നടി ശ്രീലേഖ മിത്ര, രേവതി സമ്പത്ത്‌, സോണിയ മൽഹാർ, ടെസ് ജോസഫ്‌, ശ്വേത മേനോൻ, ദിവ്യഗോപിനാഥ്, ഉർവശി, ഉഷ തുടങ്ങി നിരവധിപേർ ലൈംഗികാരോപണവും തൊഴിൽചൂഷണവും അടക്കം ഉന്നയിച്ചു. 19നാണ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്നത്‌. തുടർന്ന്‌ സാമൂഹിക, സാംസ്കാരിക മേഖലയിലെ നിരവധിപേർ അക്രമികൾക്കെതിര നടപടി ആവശ്യപ്പെട്ടു. തൊഴിലിടങ്ങളിലടക്കം സ്ത്രീകളെ ശാരീരികമായും മാനസികമായും ചൂഷണംചെയ്യുന്നതും പീഡിപ്പിക്കുന്നതും തടയുക എന്നതാണ് എൽഡിഎഫ് സർക്കാർ നയം. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും നീതിക്കായി കോടതിയിൽ പോരാടുന്നതും സർക്കാർ നയം വ്യക്തമാക്കുന്നതാണ്‌. യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ്‌ ബാബുവിനെതിരെയും ശക്തമായ നടപടിയെടുത്തു. രാജ്യത്ത്‌ ആദ്യമായാണ്‌ സിനിമാമേഖലയിൽ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച്‌ പഠിക്കാനും പരിഹാരം നിർദേശിക്കാനുമായി ഒരുസംസ്ഥാന സർക്കാർ കമീഷനെ നിയമിക്കുന്നത്‌. 2017 ജൂലൈ ഒന്നിനാണ്‌ ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ കമീഷനെ നിയമിച്ചത്‌. Read on deshabhimani.com

Related News