സർക്കാർ കൂടുതൽ നടപടിയിലേക്ക്‌



തിരുവനന്തപുരം> ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രൈബ്യൂണൽ രൂപീകരിക്കുന്നതിനും മറ്റുമായി നിയമ നിർമാണം അടക്കമുള്ള നപടികളിലേക്ക്‌ സർക്കാർ കടക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതിൽ ഒരുതരത്തിലുള്ള അമാന്തമോ, പക്ഷപാതമോ സർക്കാർ കാണിച്ചിട്ടില്ല. ഭരണപക്ഷത്തുള്ള എംഎൽഎയ്‌ക്കുനേരെ അടക്കം നടപടിയെടുത്തിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി വന്ന ഇത്തരമൊരു റിപ്പോർട്ട്‌  രാജ്യത്താകമാനം ചർച്ചയാണ്‌. ഹോളിവുഡിലും തമിഴിലുമടക്കം ഇത്തരം പഠനങ്ങൾ നടത്തണമെന്നാണ്‌ ആവശ്യം.   ഹേമ കമ്മിറ്റി ജുഡീഷ്യൽ കമീഷൻ അല്ലാത്തതുകൊണ്ടു തന്നെ നിയമസഭയിൽ വയ്‌ക്കുകയോ നടപടികൾ റിപ്പോർട്ട്‌ ചെയ്യുകയോ വേണ്ട. റിപ്പോർട്ട്‌ കിട്ടിയശേഷം ശുപാർശകൾ പ്രത്യേകമായി നൽകിയിട്ടില്ലെങ്കിലും കമ്മിറ്റി നൽകിയ നിർദേശങ്ങൾ മനസിലാക്കി വേണ്ട നടപടികളെടുക്കുകയാണ് സർക്കാർ. സ്‌ത്രീ സംവിധായകർക്ക്‌ സിനിമയെടുക്കാൻ ധനസഹായം നൽകുന്നതും സാങ്കേതിക പരിശീലനം നൽകുന്നതും പ്രത്യേക പുരസ്‌കാരങ്ങൾ നൽകുന്നതും ഇതിന്റെ ഭാഗമാണ്‌. ആഭ്യന്തര പരാതി പരിഹാര സമിതിയെ നിയോഗിച്ചു. ഷാജി എൻ കരുണിന്റെ നേതൃത്വത്തിൽ സിനിമാനയം രൂപീകരിക്കാൻ കമ്മിറ്റിയെ നിയമിച്ചു. അതിന്റെ തുടർച്ചയാണ്‌ കോൺക്ലേവ്‌. ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തിയശേഷമായിരിക്കും കോൺക്ലേവിലേക്ക്‌ കടക്കുക. റിപ്പോർട്ടിനെ തുടർന്ന്‌ ഉയർന്ന പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാൻ നാലു വനിത ഐപിഎസ്‌ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേകസംഘത്തെ സർക്കാർ നിയോഗിച്ചു. അതിൽ 11 കേസ്‌ രജിസ്‌റ്റർ ചെയ്‌തു. മലയാള സിനിമയാകെ മോശമാണെന്ന നിലയിലുള്ള പ്രചാരണം ശരിയല്ല. ലോകനിലവാരത്തിലുള്ള സിനിമകളാണ്‌ മലയാളത്തിലേത്‌. ഇന്ത്യയിലെ തന്നെ സിനിമയുടെ ഹബ്ബായി മലയാള സിനിമ വളരുന്നുവെന്നാണ്‌ ഇക്കണോമിസ്‌റ്റ്‌ വാരികയടക്കം റിപ്പോർട്ട്‌ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News