ഔഷധസസ്യങ്ങൾ ഇനി കേക്ക്‌ രൂപത്തിൽ

മറ്റത്തൂർ ഔഷധസസ്യ സംസ്കരണ കേന്ദ്രം


തൃശൂർ > പച്ച മരുന്നുകൾ സംഭരിക്കാൻ ഇനി വൻ ഗോഡൗണുകൾ ആവശ്യമില്ല. കുറുന്തോട്ടി ഉൾപ്പെടെ ഔഷധസസ്യങ്ങൾ സംസ്‌കരിച്ച്‌ കേക്ക് രൂപത്തിൽ ലഭിക്കും. സഹകരണ മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ ഔഷധസസ്യ സംസ്കരണ കേന്ദ്രം തൃശൂർ ജില്ലയിൽ മറ്റത്തൂരിൽ സജ്ജമായി. മറ്റത്തൂർ ലേബർ കോൺട്രാക്ട്‌  സഹകരണ സംഘത്തിന്റേതാണ്‌ കാൽവയ്‌പ്പ്‌. സംഘം തുടക്കമിട്ട ഔഷധവനം പദ്ധതിയുടെ തുടർച്ചയായാണ്‌ സംസ്കരണ കേന്ദ്രം. സംസ്ഥാന ഔഷധസസ്യബോർഡും കേരള വനഗവേഷണ  കേന്ദ്രവും ഔഷധിയുമായി സഹകരിച്ചാണ്‌ പദ്ധതി ആവിഷ്കരിച്ചത്. ആധുനിക യന്ത്ര സാമഗ്രികളോടെ വർഷം 1000 ടൺ ഔഷധ സസ്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള ശേഷി ഈ കേന്ദ്രത്തിനുണ്ട്. ഒറിജിനലാണെന്ന സർട്ടിഫിക്കേഷനോടെ പച്ചമരുന്നുകൾ കേക്ക്‌ രൂപത്തിൽ ലഭിക്കും. ഇത്‌ നേരിട്ട്‌ മരുന്ന് നിർമാണത്തിന്‌ ഉപയോഗിക്കാം. സഹകരണ വകുപ്പിൽ നിന്നും രണ്ട്‌ കോടിയും സംഘം ഫണ്ട് ഒരു കോടിയും ഉപയോഗിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. സംസ്ഥാന ഔഷധസസ്യ ബോർഡ്, തദ്ദേശ സ്ഥാപനങ്ങൾ, കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ഏകോപനത്തിലൂടെ അഞ്ച്‌ വർഷത്തിനകം സംസ്ഥാനത്ത്‌ ആയിരം ഏക്കറിൽ ഔഷധസസ്യ കൃഷി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്‌. ഔഷധസസ്യങ്ങൾ ക്ലസ്റ്ററുകൾ വഴി സംഭരിച്ച്‌ സംസ്കരണ കേന്ദ്രത്തിലെത്തിക്കും. അവ കഴുകി, ഉണക്കി, പൊടിച്ച്‌, കംപ്രസ്സ് ചെയ്ത്‌ കേക്ക്‌ രൂപത്തിലാക്കി സർട്ടിഫൈ ചെയ്താണു വിപണനം. ഇതിനായി വിദഗ്‌ദരുടെ സേവനമുണ്ട്‌. ഔഷധിയുമായും സ്വകാര്യ ആയുർവേദ മരുന്നുൽപ്പാദകരുമായും ദീർഘകാല അടിസ്ഥാനത്തിൽ വിപണനം ഉറപ്പു വരുത്തും. പാവക്ക, നെല്ലിക്ക, കറ്റാർവാഴ എന്നിവ ജ്യൂസാക്കിയും വിൽക്കും. പദ്ധതി വഴി അഞ്ചു വർഷത്തിനകം 250 പേർക്ക് നേരിട്ടു തൊഴിൽ നൽകാനാകും.1500 ഔഷധസസ്യ കർഷകർക്ക്‌ മെച്ചമുണ്ടാവും. പച്ചമരുന്നുകൾ ശേഖരിക്കുന്ന ആയിരത്തിൽപ്പരം  ഗ്രാമീണർക്കും ആദിവാസികൾക്കും തൊഴിലവസരങ്ങൾ ഒരുങ്ങും. മരുന്നുകൂട്ടുകൾ അടക്കം വാക്വം പാക്ക് ചെയ്‌ത്‌ ഡോക്ടർമാർക്ക് ലഭ്യമാക്കുന്നതിനുള്ള ഓൺലൈൻ പ്ലാറ്റഫോം പദ്ധതിയും നടപ്പാക്കും. മൂല്യവർധിത ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനും പദ്ധതിയുണ്ട്‌. സിപിഐ എം നേതൃത്വത്തിൽ ടി എ ഉണ്ണികൃഷ്‌ണൻ പ്രസിഡന്റും എ സുനിൽകുമാർ  വൈസ്‌ പ്രസിഡന്റുമായ ഭരണസമിതിയാണ്‌ സംഘത്തെ നയിക്കുന്നത്‌. Read on deshabhimani.com

Related News