പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പൊന്നാനിയിലെ വീട്ടമ്മ നൽകിയ പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി > പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പൊന്നാനിയിലെ വീട്ടമ്മ നൽകിയ പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി. ആരോപണ വിധേയരായ മലപ്പുറം മുൻ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി ബെന്നി, സിഐ വിനോദ് എന്നിവർക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി സിംഗിൽ ബഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ ഇടാൻ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ തന്നെ പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ആദ്യം പരാതി നൽകിയ പൊന്നാനി സിഐ വിനോദ് വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറിയപ്പോൾ ബെന്നിയും തന്നെ ഉപദ്രവിച്ചതായും വീട്ടമ്മ പറയുന്നു. പിന്നീട് മലപ്പുറം എസ്പിയെ സുജിത് ദാസിനെ കണ്ടപ്പോൾ അദ്ദേഹവും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിലുണ്ട്. എന്നാലിത് പൊലീസ് ഉദ്യോഗസ്ഥരെ ചതിയിൽപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി കെട്ടിച്ചമച്ച പരാതിയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. സപെഷ്യൽ ഇൻവെസ്റ്റിഗേഷൻ എന്ന പേരിൽ റിപ്പോർട്ടർ ചാനലാണ് വീട്ടമ്മയുടെ അഭിമുഖമടക്കം ആദ്യം വാർത്ത പ്രസിദ്ധീകരിച്ചതും പരാതി നൽകുന്നതായി പുറത്തുവിട്ടതും. ഇതുമായി ബന്ധപ്പെട്ട ഗൂഡോലോചനയിൽ പി വി അൻവർ എംഎൽഎ ഉൾപ്പെടെയുള്ളവർ ഉണ്ടെന്നാണ് ഉയർന്നുവരുന്ന ആരോപണം. ഡിവൈഎസ്പി ബെന്നി മുട്ടിൽ മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. Read on deshabhimani.com