റോബിന്‍ ബസ് നടത്തുന്നത് നിയമലംഘനം: സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചു
കൊച്ചി റോബിൻ ബസ് നടത്തുന്നത് നിയമലംഘനമാണെന്ന കെഎസ്‌ആർടിസിയുടെ വാദം അംഗീകരിച്ച് ഹൈക്കോടതി. സർക്കാർ നടപടികൾക്കെതിരെ റോബിൻ ബസ് ഉടമയും മറ്റ് സ്വകാര്യ ബസ് ഓപ്പറേറ്റർമാരും നൽകിയ ഹർജി ഹൈക്കോടതി തള്ളി. ടൂറിസ്റ്റ് ബസുകൾക്ക് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുണ്ടെങ്കിലും നിശ്ചിത ഇടങ്ങളിൽ നിന്നല്ലാതെ യാത്രക്കാരെ കയറ്റാൻ അനുവാദമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടൂറിസ്റ്റ് ബസുകൾ സ്‌റ്റേജ് ക്യാരിയേജുകളായി ഓടിക്കുന്നത് വിലക്കിയ സർക്കാർനടപടിയും സർക്കുലറും ശരിവച്ചു. സ്റ്റേജ് ക്യാരിയേജ് ബസുകൾ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതുപോലെ ടൂറിസ്റ്റ് ബസുകൾക്കും ബോർഡുവച്ച് സർവീസ് നടത്താമെന്നായിരുന്നു റോബിൻ ബസ് ഉടമയുടെ വാദം. അത് പെർമിറ്റ് ലംഘനമാണെന്ന് സർക്കാരും മോട്ടോർ വാഹനവകുപ്പും അറിയിച്ചു. നിയമലംഘനം നടത്തിയ ബസ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത് പിഴ ചുമത്തിയിരുന്നു. ഇതിനെതിരെയാണ് ബസുടമ ഹൈക്കോടതിയെ സമീപിച്ചത്. ഇതോടൊപ്പം കെഎസ്‌ആർടിസിയും കോടതിയെ സമീപിക്കുകയായിരുന്നു. ടൂറിസ്റ്റ് ബസിലെ യാത്രക്കാർ പൊതുവായ ഉദ്ദേശ്യത്തോടെ ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യുകയാണ് വേണ്ടതെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ നഗരേഷ് വിധിയിൽ വ്യക്തമാക്കി. സർക്കാരിനുവേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ പി സന്തോഷ് കുമാർ ഹാജരായി. Read on deshabhimani.com