ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കായി സർക്കാർ സാധ്യമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട് ഹൈക്കോടതി
കൊച്ചി > വാളയാറിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ പ്രവേശനത്തിന് സാധ്യമായ കാര്യങ്ങൾ സർക്കാർ ചെയ്തിട്ടുണ്ടന്ന് ഹൈക്കോടതി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടപെടാനാവില്ലന്നും പുതിയ ഉത്തരവിന്റെ ആവശ്യമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോവിഡ് സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിന് സ്വമേധയാ എടുത്ത ഹർജിയും ചെക്ക് പോസ്റ്റുകളിൽ മലയാളികൾ കുടുങ്ങിയതിൽ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയുമാണ് ജസ്റ്റീസുമാരായ അനു ശിവരാമനും എം.ആർ അനിതയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്. വാളയാറിൽ കുടുങ്ങിയവരെ നാട്ടിലെത്തിച്ചെന്നും ചെക്ക് പോസ്റ്റിൽ എല്ലാ സൗകര്യവും ഒരുക്കിയെന്നും ഹർജി നിലനിൽക്കില്ലന്നും സർക്കാർ ബോധിപ്പിച്ചു. കേസ് 18 ലേക്ക് മാറ്റി. Read on deshabhimani.com