ഹൈറിച്ച് കേസിൽ കുറ്റപത്രം സമർപ്പിച്ചു; നിക്ഷേപകരിൽനിന്ന് തട്ടിയത് 1651.65 കോടി
കൊച്ചി ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. 1651.65 കോടിയുടെ തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. 37 പേരാണ് പ്രതികൾ. 11,500 പേജുകളുള്ള കുറ്റപത്രം കലൂരിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയിലാണ് സമർപ്പിച്ചത്. ഹൈറിച്ച് കമ്പനി ഉടമകളായ കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവരെ കൂടാതെ 15 പ്രൊമോട്ടർമാരും പ്രതികളാണ്. റീത്ത, റിയാസ്, സിന്ധു പ്രകാശ്, ദിലീപ് ഷാജു, ടി പി അനിൽകുമാർ, സുരേഷ് ബാബു, ദിനുരാജ്, ഫിജിഷ് കുമാർ, അമ്പിളി എബ്രഹാം, പി ഗംഗാധരൻ, വി എ സമീർ, ടി ജെ ജിനിൽ, ടി എം കനകരാജ്, എം ബഷീർ, പി ലക്ഷ്മണൻ, ഷമീന, മുനവർ, പ്രശാന്ത് പി നായർ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഹൈറിച്ച് ഗ്രോസറി ബിസിനസ്, ഫാം സിറ്റി, എച്ച്ആർ ക്രിപ്‌റ്റോ, എച്ച്ആർഒടിടി എന്നിങ്ങനെ വിവിധ പദ്ധതികളിലായി ജനങ്ങളിൽനിന്ന് നിക്ഷേപം ശേഖരിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. സ്വരൂപിച്ച പണം മറ്റാവശ്യങ്ങൾക്കായി വകമാറ്റി നിക്ഷേപകരെ കബളിപ്പിച്ചതായും കണ്ടെത്തി. മറ്റ് പ്രൊമോട്ടർമാർക്കെതിരെ ഇഡി അന്വേഷണം തുടരും. പ്രതികളുടെ 20 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥാവര–-ജംഗമ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. കമ്പനിയുടെ 244.03 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു. ഇതുൾപ്പെടെ 277 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. പണം തിരികെ ലഭിക്കാൻ ഇരകൾക്ക് കോടതിയെ സമീപിക്കാമെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾക്കെതിരെ കുറ്റം ചുമത്തിയശേഷം ഇരകളുടെ അപേക്ഷ കോടതിക്ക് പരിഗണിക്കാമെന്നും കുറ്റപത്രത്തിലുണ്ട്. Read on deshabhimani.com