ഉന്നതവിദ്യാഭ്യാസത്തിലും ഉയരെ



തിരുവനന്തപുരം രാജ്യത്ത്‌  ഉന്നതവിദ്യാഭ്യാസം നേടുന്നവരുടെ  എണ്ണത്തിൽ കേരളം  മുന്നിൽ.  ധനവകുപ്പിന്‌ കീഴിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പബ്ലിക്‌ പോളിസി റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ (പിപിആർഐ) തയ്യാറാക്കിയ റിപ്പോർട്ടിലാണ്‌  കേരളത്തിന്റെ മികവ്‌ തെളിയിക്കുന്നത്‌. സ്‌ത്രീകൾ, പട്ടികജാതി പട്ടിക വർഗം തുടങ്ങിയ വിഭാഗങ്ങൾ ആർജിച്ച  വിദ്യാഭ്യാസ നേട്ടങ്ങളിലും  കേരളം ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണ്‌.   2021 –-22ലെ കണക്കനുസരിച്ച്‌ സംസ്ഥാനത്ത്‌ ഉന്നതവിദ്യാഭ്യാസം നേടുന്നവർ 41  ശതമാനമാണ്‌.  ദേശീയ ശരാശരി 28.4 മാത്രവും. കേരളത്തിൽ ഒമ്പതുവർഷത്തിനിടെ 18.9 ശതമാനം  വർധിച്ചപ്പോൾ ദേശീയതലത്തിൽ വളർച്ച ഏഴു ശതമാനം   മാത്രം.  2012–-13ൽ സംസ്ഥാനത്ത്‌ ഉന്നതവിദ്യാഭ്യാസം നേടുന്ന സ്‌ത്രീകളുടെ എണ്ണം 25.8 ശതമാനമായിരുന്നു. 2021 –-22ൽ ഇത്‌ 49 ശതമാനമായി. ദേശീയ ശരാശരിയിൽ ഈ കാലയളവിലുണ്ടായ വർധന 4.7 ശതമാനം മാത്രമാണ്‌. ഉന്നതവിദ്യാഭ്യാസം നേടുന്ന ആൺകുട്ടികളുടെ എണ്ണം സംസ്ഥാനത്ത്‌ 15.6 ശതമാനം വർധിച്ച്‌ 34.10 ആയപ്പോൾ ദേശീയ ശരാശരി 5.6 ശതമാനം മാത്രം വർധിച്ച്‌ 28.3ൽ എത്തി. കേരളത്തിൽ പട്ടിക വർഗക്കാരിൽ ഉന്നത വിദ്യാഭ്യാസം നേടുന്നവർ 2016 –-17ൽ 15.4 ശതമാനമായിരുന്നു. ഈ കാലയളവിലെ ദേശീയ ശരാശരി 18.3 ഉം. കേരളം പട്ടികവർഗ വിദ്യാർഥികളുടെ ഉന്നമനത്തിനായി നടത്തിയ വിവിധ ഇടപെടലുകളിലൂടെ 2021–-22ൽ ഇത്‌ 28.9 ശതമാനമായി വർധിപ്പിച്ചു. ഈ കാലയളവിൽ ദേശീയ ശരാശരിയിൽ 2.9 ശതമാനം  വർധന മാത്രം. പട്ടികജാതി വിഭാഗത്തിൽ കേരളത്തിൽ 28.3 ശതമാനം പേർ ഉന്നതവിദ്യാഭ്യാസം നേടുമ്പോൾ ദേശീയ ശരാശരി 25.9 ശതമാനം. പട്ടികജാതി പെൺകുട്ടികളുടെ  കാര്യത്തിൽ കേരളത്തിൽ 36.8 ശതമാനവും ദേശീയ ശരാശരി വെറും 26 ശതമാനവുമാണ്‌. പട്ടികവർഗ പെൺകുട്ടികളിൽ കേരളത്തിൽ  33.8ഉം ദേശീയ തലത്തിൽ 20.9 ശതമാനവുമാണ്‌. കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യൂക്കേഷനിൽനിന്നുള്ള വിവരങ്ങൾ  അടിസ്ഥാനമാക്കിയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. മികവ്‌ കൂട്ടാൻ 405 കോടി തൃശൂർ നാക് അക്രഡിറ്റേഷനുകളിലും എൻഐആർഎഫ് റാങ്കിങ്ങിലും  കുതിക്കുന്ന കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്ക്‌  405 കോടി ധനസഹായം. ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള ‘പി എം ഉഷ പദ്ധതി’ക്ക്‌ കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജിലാണ്‌ പണം ലഭ്യമാകുക. മൾട്ടി- –-ഡിസിപ്ലിനറി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റീസ്‌  വിഭാഗത്തിൽ കേരള, കലിക്കറ്റ്‌, കണ്ണൂർ  സർവകലാശാലകൾക്ക്‌ 100 കോടി വീതം ലഭിക്കും.  മുൻവർഷത്തേക്കാൾ  കൂടുതൽ തുക ലഭിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.   ഉന്നത വിദ്യാഭ്യാസക്കുതിപ്പിൽ മലബാറിന് പ്രത്യേക പരിഗണന നൽകുകയെന്നതാണ്‌ സർക്കാർ നയം.     യൂണിവേഴ്സികളെ ശക്തിപ്പെടുത്താനുള്ള ഗ്രന്റിനത്തിൽ എംജി സർവകലാശാലയ്ക്ക്  20 കോടി ലഭിക്കും.   കോളേജുകളുടെ വിഭാഗത്തിൽ 11 കോളേജുകൾക്ക്‌ അഞ്ചുകോടി വീതവും ലിംഗനീതി സമത്വ വിഭാഗത്തിൽ വയനാട്, പാലക്കാട്, തൃശൂർ ജില്ലകൾക്ക് 10 കോടി രൂപ വീതവും ലഭിക്കും.  മികവും തുല്യതയും വർധിപ്പിച്ച്‌ സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ളതാണ് കേന്ദ്ര-,സംസ്ഥാന സർക്കാരുകൾ തുക പങ്കിട്ട് നടപ്പാക്കുന്ന പി എം ഉഷ പദ്ധതി.  ആകെ തുകയുടെ 60 ശതമാനം കേന്ദ്രവും 40  ശതമാനം സംസ്ഥാനവുമാണ് ചെലവഴിക്കുക.    അഞ്ചുകോടി ലഭിച്ച 
കോളേജുകൾ ആലപ്പുഴ എസ്‌ ഡികോളേജ്, മാറമ്പള്ളി എംഇഎസ്‌ കോളേജ്, കളമശേരി സെന്റ് പോൾസ് കോളേജ്, മൂലമറ്റം സെന്റ്‌  ജോസഫ്‌സ് കോളേജ്, ഉദുമ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ്, കോഴിക്കോട് സാമൂരിൻസ്‌ ഗുരുവായൂരപ്പൻ കോളേജ്, മണ്ണാർക്കാട് എംഇഎസ് കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ്, മുട്ടിൽ ഡബ്ല്യു എം ആർട്സ് ആൻഡ് സയൻസ് കോളേജ്   Read on deshabhimani.com

Related News