ഹൃദ്യം പദ്ധതി: ദുരിതാശ്വാസ ക്യാമ്പിലായിരുന്ന 7 വയസുകാരിയ്ക്ക് അടിയന്തര ശസ്ത്രക്രിയ
മലപ്പുറം > ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന മലപ്പുറം പോത്തുകല്ല് അപ്പൻ കാപ്പ് നഗർ ആദിവാസി മേഖലയിലെ 7 വയസുകാരിയ്ക്ക് ഹൃദ്യം പദ്ധതി വഴി അടിയന്തര ചികിത്സ ഒരുക്കി ആരോഗ്യവകുപ്പ്. മുണ്ടേരി സർക്കാർ സ്‌കൂളിലെ താത്കാലിക ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് രണ്ടാഴ്ച മുമ്പ് മാറ്റി പാർപ്പിച്ച കുട്ടിയുടെ രോഗാവസ്ഥ തിരിച്ചറിഞ്ഞാണ് അടിയന്തര ശസ്ത്രകിയാ സംവിധാനമൊരുക്കിയത്. സർക്കാരിന്റെ ഹൃദ്യം പദ്ധതി വഴി സൗജന്യമായാണ് കൊച്ചി അമൃത ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതായി ഡോക്ടർമാർ അറിയിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയ ഹൃദ്യം ടീമിനെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ചാലിയാർ പുഴ പരിസരത്ത് മണ്ണിടിച്ചിൽ സാധ്യത മുന്നിൽകണ്ട് കഴിഞ്ഞ അഞ്ചാം തീയതിയാണ് കുട്ടിയുടെ കുടുംബത്തെ മുണ്ടേരി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. കുട്ടി കുറേ നാളുകളായി ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്ക് തുടർചികിത്സ നൽകി വരികയായിരുന്നു. പോത്ത്കല്ല് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരാണ് കുട്ടിയുടെ അവസ്ഥ മനസിലാക്കി അധികൃതരെ വിവരം അറിയിച്ചത്. തുടർന്ന് ഹൃദ്യം ടീം ഇടപെട്ട് കുട്ടിയ്ക്ക് അടിയന്തര ശസ്ത്രക്രിയയ്ക്കുള്ള സൗകര്യമൊരുക്കി. പോത്ത്കല്ല് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ ഹൃദ്യം പദ്ധതിയിലൂടെ തുടർ ചികിത്സ നൽകിയിരുന്ന എംപാനൽ ചെയ്ത ആശുപത്രിയായ കൊച്ചി അമൃതയിൽ എത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കി. Read on deshabhimani.com