ഏഷ്യൻ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് വർദ്ധിക്കുന്നു; ജാ​ഗ്രതാ നിർദേശവുമായി നോർക്ക



തിരുവനന്തപുരം > വ്യാജ ജോലികള്‍ വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ തൊഴിൽ തേടുന്നവർ വീഴരുതെന്ന് നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം. തായ്‌ലാന്‍ഡ്, കംബോഡിയ, ലാവോസ്, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കോള്‍ സെന്റര്‍, ക്രിപ്റ്റോ കറന്‍സി, ബാങ്കിംഗ്, ഷെയര്‍ മാര്‍ക്കറ്റ്, ഹണിട്രാപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യാജ കമ്പനികളുടെ പേരിലാണ് തൊഴിൽ തട്ടിപ്പ് നടത്തുന്നത്. ഡിജിറ്റല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകള്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് സര്‍വീസ് പോലുള്ള തസ്തികകളിലേക്ക് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കിയും ഏജന്റുമാര്‍ മുഖേനയുമാണ് ഇവർ ആളുകളെ വലയിൽ കുടുക്കുന്നത്. ടെലികോളര്‍, ഡാറ്റാ എന്‍ട്രി തുടങ്ങിയ ജോലികള്‍ക്കായി വലിയ ശമ്പളവും ഹോട്ടല്‍ ബുക്കിംഗും റിട്ടേണ്‍ എയര്‍ ടിക്കറ്റുകളും വിസ സൗകര്യവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ജോലി അന്വേഷിക്കുന്നവരെ വീഴ്ത്തുന്നത്. വ്യാജ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഏജന്റുമാര്‍ ലളിതമായ അഭിമുഖവും ടൈപ്പിംഗ് ടെസ്റ്റും ഓണ്‍ലൈനായും ഓഫ് ലൈനായും നടത്തിയാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ആളുകളെ നിയമവിരുദ്ധമായി തായ്‌ലാന്‍ഡിൽ നിന്ന് അതിര്‍ത്തി കടത്തി ലാവോസിലെ ഗോള്‍ഡന്‍ ട്രയാംഗിള്‍ സ്പെഷ്യല്‍ ഇക്കണോമിക് സോണിലും കംബോഡിയ, മ്യാന്‍മര്‍, വിയറ്റ്‌നാം തുടങ്ങിയ അയല്‍രാജ്യങ്ങളിലും എത്തിച്ച് ബന്ദിയാക്കിയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.  ഖനനം, തടി ഫാക്ടറിയിലെ ജോലികള്‍ തുടങ്ങിയവയും ചെയ്യിക്കുന്നുണ്ട്. ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് ബന്ദികളാകുന്നവർ നേരിടുന്നത്. ബന്ദികളാക്കിയ നിരവധി പേരെ ഇന്ത്യന്‍ എംബസികള്‍ ഇടപെട്ട് രക്ഷപ്പെടുത്തുന്നുണ്ട്. Read on deshabhimani.com

Related News