സഹോദരങ്ങളെ കാണാനായി പോയതിന് കഴുത്തില്‍ വെട്ടുകത്തിവെച്ച് ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ വധഭീഷണി



ആലപ്പുഴ> സഹോദരങ്ങളെ കാണാനായി സ്വന്തം വീട്ടില്‍ പോയതിന് ഭാര്യയുടെ കഴുത്തില്‍ വെട്ടുകത്തിവെച്ച് വധഭീഷണി മുഴക്കിയ ഭര്‍ത്താവിനെ സൗത്ത് പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ആലിശ്ശേരി വാര്‍ഡില്‍ ചിറയില്‍വീട്ടില്‍ നസീര്‍ (46) ആണ് അറസ്റ്റിലായത്. വൈകീട്ട് നിര്‍മാണജോലിക്കുശേഷം മദ്യപിച്ചെത്തിയ നസീര്‍, വെട്ടുകത്തിയെടുത്ത് ഭാര്യയുടെ കഴുത്തില്‍വെച്ച് അമര്‍ത്തുകയും അസഭ്യംപറഞ്ഞുകൊണ്ട് വെട്ടുകത്തിയുടെ പിന്‍ഭാഗംകൊണ്ട് മുഖത്തും മുതുകിലും മര്‍ദിക്കുകയും ചെയ്തു. കൂലിപ്പണിക്കാരിയായ നസീറിന്റെ ഭാര്യ ഷക്കീല രാവിലെ ജോലിക്കു പോകുമ്പോള്‍ മകനോട് ചേര്‍ത്തലയിലുള്ള വീട്ടില്‍പ്പോയി സഹോദരങ്ങളെ കണ്ടതിനുശേഷമേ തിരിച്ചെത്തുകയുള്ളൂവെന്നു പറഞ്ഞിരുന്നു. ഇത് നസീര്‍ കേട്ടിരുന്നു. തുടര്‍ന്നായിരുന്നു അക്രമം. സൗത്ത് പോലീസ് സ്റ്റേഷന്‍ ഐ.എസ്.എച്ച്.ഒ. കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡുചെയ്തു. സംഭവത്തിനുശേഷം നഗരത്തിന്റെ പലയിടങ്ങളിലായി ഒളിച്ചുനടക്കുകയായിരുന്നു നസീര്‍.   Read on deshabhimani.com

Related News