തളിക്കുളം ഹാഷിദ കൊലക്കേസ്: ഭർത്താവിന് ജീവപര്യന്തം തടവ്
ഇരിങ്ങാലക്കുട> തളിക്കുള ഹാഷിദ കൊലക്കേസിൽ ഭർത്താവ് കാട്ടൂർ പണിക്കർമൂല സ്വദേശി മംഗലത്തറ വീട്ടിൽ മുഹമ്മദ് ആസിഫ് അസീസിന് (30) ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇരിങ്ങാലക്കുട അഡീഷണഷൽ ജില്ലാ സെഷൻസ് ജഡ്ജി എൻ വിനോദ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ ഹാഷിദയുടെ മക്കൾക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. 2022 ആഗസ്റ്റ് 20 നാണ് കേസിനാസ്‌പദമായ സംഭവം. വൈകിട്ട് 6.30 ഓടെ നൂറുദ്ദീന്റെ വീട്ടിൽ വെച്ച് ഹാഷിദയെ പ്രതി വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. ഹാഷിദ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് 18-ാമത്തെ ദിവസമാണ് സംഭവം. തടയാൻ ചെന്ന ഹാഷിദയുടെ ബാപ്പ നൂറുദ്ദിന്റെ തലയ്ക്കും വെട്ടേറ്റു. ഉമ്മയേയും ദേഹോപദ്രവമേൽപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹാഷിദ പിറ്റേന്ന് വൈകിട്ട് നാലോടെ മരിച്ചു. വലപ്പാട് എസ്എച്ച്ഒ ആയിരുന്ന കെ എസ് സുശാന്ത് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. കൊടുങ്ങല്ലൂർ ഡി വൈഎസ്‌പി എൻ എസ് സലീഷ് അന്വേഷണം പൂർത്തികരിച്ച് കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷൻ 58 സാക്ഷികളെ വിസ്തരിച്ചു. 97 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കി. Read on deshabhimani.com