ഐബിപിഎസ് ഇന്റര്‍വ്യൂ:കേരളത്തെ ഒഴിവാക്കിയത് പുനഃപരിശോധിക്കണം‐ ബെഫി



കൊച്ചി> രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്യുന്നതില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് ബിഇഎഫ്‌ഐ (ബെഫി) സംസ്ഥാന കമ്മിറ്റി. സാധാരണക്കാരായ കേരളത്തിലെ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വ്യാഴാഴ്ച പ്രകടനങ്ങള്‍ സംഘടിപ്പിക്കും. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ ഒഴിവുകളിലേക്ക് ഐബിപിഎസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍) എന്ന സ്വകാര്യ ഏജന്‍സി ആണ് മല്‍സര പരീക്ഷ നടത്തുന്നത്. കേരളത്തില്‍ നിന്ന് പരീക്ഷ പാസാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ ആയിരുന്നു ഇന്റര്‍വ്യൂ. കേരളത്തിലെ ലീഡ് ബാങ്കായ കനറാ ബാങ്കിനായിരുന്നു ഇന്റര്‍വ്യൂ നടത്താനുള്ള ചുമതല നല്‍കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം നടത്തിയ പരീക്ഷയുടെ റിസല്‍ട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചപ്പോള്‍ ഇന്റര്‍വ്യൂവിനുള്ള കത്ത് ലഭിച്ചവരോട് ബാംഗ്ലുരുവില്‍ ഇന്റര്‍വ്യൂവിന് ഹാജരാകാനാണ് ഐബിപിഎസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഔദ്യോഗികമായി ഒരു ഉത്തരവും പുറപ്പെടുവിക്കാതെ രഹസ്യമായാണ് ഐബിപിഎസ് ഇത് നടപ്പാക്കിയിരിക്കുന്നത്. രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്കിംഗ് സര്‍വ്വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ബിഎസ്ആര്‍ബി) ആയിരുന്നു പൊതുമേഖലാ ബാങ്കുകളില്‍ ജീവനക്കാരെ നിയമിച്ചിരുന്നത്. 2001ല്‍ അന്നത്തെ സര്‍ക്കാര്‍, ബജറ്റ് അവതരണ വേളയിലാണ് യുപിഎസ്‌സിക്ക് സമാനമായ ബിഎസ്ആര്‍ബി പിരിച്ചുവിട്ടത്. പിന്നീട് ജീവനക്കാരുടെ സംഘടനകളുടെയും യുവജനപ്രസ്ഥാനങ്ങളുടെയും നിരന്തരമായ ഇടപെടലുകകളുടെയും പ്രക്ഷോഭങ്ങളുടെയും ഭാഗമായാണ് സ്വകാര്യ മേഖലയില്‍ ഐബിപിഎസ് എന്ന സംരംഭം തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ബിഎസ്ആര്‍ബി ഉണ്ടായിരുന്ന നാള്‍ മുതല്‍ കേരളത്തില്‍ പരീക്ഷാ കേന്ദ്രവും ഇന്റര്‍വ്യൂ കേന്ദ്രവും നിലവിലുണ്ട്. ഇതാണ് ഇപ്പോള്‍ നിറുത്തലാക്കിയിരിക്കുന്നത്. കേരളത്തോടുള്ള തുടര്‍ന്നു വരുന്ന അവഗണനയുടെയും വിവേചനത്തിന്റെയും മറ്റൊരു അനുഭവം കൂടിയാകുകയാണ് ഈ നടപടിയെന്ന് ബെഫി പ്രസിഡന്റ് ടി നരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍ എന്നിവര്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.   Read on deshabhimani.com

Related News