ഐഡിബിഐ ബാങ്ക് ഓഹരികളും കുത്തകകൾക്ക് ; ഓഹരിവിൽപ്പന വേഗത്തിലാക്കുന്നു
കൊച്ചി സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐഡിബിഐ)യെ കുത്തക കമ്പനികൾക്ക് കൈമാറാനുള്ള നടപടികൾ കേന്ദ്രസർക്കാർ വേഗത്തിലാക്കി. ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ വിൽക്കുന്നതിന്റെ ആദ്യഘട്ടമായി കോട്ടക് മഹീന്ദ്ര ബാങ്ക്, സിഎസ്‌ബി ബാങ്ക് പ്രൊമോട്ടർ ഫെയർഫാക്സ്, ദുബായ് എമിറൈറ്റ്സ് എൻഡിബി എന്നിവയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ "ഫിറ്റ് ആൻഡ് പ്രോപ്പറാ’യി നിശ്ചയിച്ചു. ഇതോടെ വിൽപ്പന നടപടികൾ വേഗത്തിലാകും. നിലവിൽ കേന്ദ്രസർക്കാരിന്റെ 45.48 ശതമാനവും എൽഐസിയുടെ 49.24 ശതമാനവും അടക്കം 94 ശതമാനം ഓഹരികളാണ് ഐഡിബിഐ ബാങ്കിൽ സർക്കാരിനുള്ളത്. ഇതിൽ ഭൂരിപക്ഷം ഓഹരികളും കുത്തകകൾക്ക് കൈമാറാനാണ് കേന്ദ്രസർക്കാർ നീക്കം. ഈ നീക്കത്തിന് വേഗംകൂട്ടാനാണ്, ഓഹരി വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച മൂന്നു കുത്തക സ്ഥാപനങ്ങളെ "ഫിറ്റ് ആൻഡ് പ്രോപ്പറാ’യി കഴിഞ്ഞദിവസം റിസർവ് ബാങ്ക് നിശ്ചയിച്ചത്. ഇന്ത്യയിലെ പൊതുമേഖല–-ഷെഡ്യൂൾഡ് ബാങ്കുകളെ മൊത്തത്തിൽ വിഴുങ്ങാൻ ഒരുങ്ങിനിൽക്കുന്ന കുത്തക കമ്പനികൾക്കാണ് റിസർവ് ബാങ്ക് ഓഹരി വാങ്ങാൻ അവസരം ഒരുക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപസ്ഥാപനമായി 1964ലാണ് ഐഡിബിഐ രൂപീകരിച്ചത്. ഇന്ത്യയിലെ വ്യവസായങ്ങൾക്ക് ധനസഹായം നൽകുകയും പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബാങ്കിന്റെ പ്രവർത്തനം. 2004 സെപ്തംബറിൽ റിസർവ് ബാങ്ക് ഐഡിബിഐയെ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കാക്കി മാറ്റി. ഈ ബാങ്കിനെയാണ് ഇപ്പോൾ വിറ്റുതുലയ്‌ക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നത്. സിഎസ്‌ബി ബാങ്ക് പ്രൊമോട്ടർ ഫെയർഫാക്‌സിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിറ്റ് ആൻഡ് പ്രോപ്പർ പട്ടികയിൽ ഉൾപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും ഫെയർ ഫാക്സിന്റെ സിഎസ്‌ബി ബാങ്കിലെ പ്രവൃത്തികൾ നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റിയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സമഗ്രമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബിഇഎഫ്‌ഐ ജനറൽ സെക്രട്ടറി ദേബാശിഷ് ബസു ചൗധരി കേന്ദ്ര ധനമന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചു. ഐഡിബിഐ ബാങ്ക് ഓഹരികൾ വിറ്റഴിക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Read on deshabhimani.com