ഐഡിഎസ്എഫ്എഫ്കെ: അന്താരാഷ്ട്ര ഫിക്ഷൻ, നോൺ-ഫിക്ഷൻ വിഭാഗത്തിൽ 89 ചിത്രങ്ങൾ
തിരുവനന്തപുരം > പതിനാറാമത് ഐഡിഎസ്എഫ്എഫ്കെ യിൽ അന്താരാഷ്ട്ര ഫിക്ഷൻ, നോൺ-ഫിക്ഷൻ വിഭാഗങ്ങളിൽ 89 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഫിക്ഷൻ വിഭാഗത്തിൽ 57-ഉം നോൺ-ഫിക്ഷൻ വിഭാഗത്തിൽ 32-ഉം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. 32 ഡോക്യുമെന്റ്റി ചിത്രങ്ങളാണ് നോൺ-ഫിക്ഷൻ വിഭാഗത്തിൽ അണിനിരക്കുന്നത്. വിം വേൻഡേഴ്സ് സംവിധാനം ചെയ്ത അൻസെം പ്രശസ്ത ചിത്രകാരനും ശില്പിയുമായ അൻസെം കീഫറിന്റെ ഛായാചിത്രമാണ്. പാസ്കൽ വിവേറോസ് സംവിധാനം ചെയ്ത ടുവേർഡ്‌സ് ദ സൺ, ഫാർ ഫ്രം ദ സെന്റർ പ്രണയത്തിനായി സാന്റിയാഗോയിൽ അഭയം തേടാൻ ശ്രമിക്കുന്ന രണ്ട് സ്ത്രീകളുടെ കഥപറയുന്ന നിശബ്ദ ഡോക്യുമെന്റ്റിയാണ്. ഇലാഹി ഇസ്മായിലിയുടെ എ മൂവ്, കാൻ ഐ ഹഗ് യൂ? എന്നീ പേർഷ്യൻ ഭാഷാചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. ട്രാൻസ് വുമനായ സീറേറ്റ് താനേജയുടെ ജീവിതം ചിത്രീകരിച്ച ദീപ മെഹ്താ ചിത്രം ഐ ആം സീററ്റ് , വിഖ്യാത ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോർസെസെയുടെ ആഖ്യാനത്തിലെത്തുന്ന ഡേവിഡ് ഹിന്റൺ ചിത്രം മെയ്ഡ് ഇൻ ഇംഗ്ലണ്ട്: ദി ഫിലിംസ് ഓഫ് പോവൽ ആൻഡ് പ്രസ്ബർഗർ എന്നിവ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. സ്പാനിഷ്, ഫ്രഞ്ച്, അറബിക്, പോർച്ചുഗീസ് ഉൾപ്പടെ 23 ഭാഷകളിലെ ചിത്രങ്ങൾ ഈ വിഭാഗത്തിലുണ്ട്. ഒന്നിലധികം ഭാഷകളിൽ ചിത്രീകരിച്ച ഒരു പിടി ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഉറുദു, ഇംഗ്ളീഷ് ഭാഷകളിൽ നിർമിച്ച സോങ്‌സ് ഓഫ് ദ സൂഫി, ദ ഫിഷർമാൻ ആൻഡ് ദ ബാങ്കർ (ഗുജറാത്തി,ഇംഗ്ലീഷ് ), ദ ഫാൾ ആൻഡ് റൈസ് ഓഫ് എലിഫന്റ്സ് പാരഡൈസ് (ഇംഗ്ലീഷ്, ആസാമീസ് ),ബ്രോക്കൺ വിങ്‌സ് (ഇറ്റാലിയൻ, ഇംഗ്ലീഷ് ) തുടങ്ങിയ ചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഒരു സാങ്കല്പിക നായകന്റെ സൈനിക പ്രതികാരത്തെക്കുറിച്ചും ജൂത പാരമ്പര്യത്തെക്കുറിച്ചും ഉളള അന്വേഷണത്തിന്റെ കഥ പറയുകയാണ് വെരി ജെന്റിൽ വർക്ക് എന്ന ഹ്രസ്വചിത്രം. അന്യലോക ജീവിയായ നായകനോടു നായികയ്ക്ക് തോന്നുന്ന പ്രണയകഥ പറയുന്ന ബൾഗേറിയൻ ഹ്രസ്വചിത്രം മൂൺ മാൻ നിഗൂഢത നിറഞ്ഞ മാന്ത്രിക ലോകത്തേക്ക് പ്രേക്ഷകരെ എത്തിക്കുന്നു. സമ്മർ ക്യാമ്പ് വിട്ട് വീട്ടിലേക്ക് പോകേണ്ടി വന്ന തങ്ങളുടെ സുഹൃത്തിന് എന്താണ് സംഭവിച്ചതെന്നതിനെപ്പറ്റി പെൺകുട്ടികൾ വ്യത്യസ്തമായ ആഖ്യാനങ്ങളിലൂടെ വിവരിക്കുന്ന ലിത്വാനിയൻ ഹ്രസ്വചിത്രം ഊറ്റിഡ് റാഷോമോൻ എഫക്ട് ഉപയോഗപ്പെടുത്തുന്ന ചിത്രമാണ്. വിഷാദരോഗവുമായി മല്ലിടുന്നവർക്ക് മാജിക് മഷ്റൂമിൽ നിന്നുള്ള സൈലസിബിൻ വിതരണം ചെയ്യുന്ന നായകൻറെ കഥയാണ് ഷ്‌റൂംസ്. Read on deshabhimani.com