അതിജീവനത്തിന്റെ പെൺകരുത്തുമായി "ഹെവി മെറ്റൽ' ഞായറാഴ്‌ച



തിരുവനന്തപുരം > ഇസ്രയേൽ അധിനിവേശത്തിന്റെയും പലസ്‌തീനിലെ ചെറുത്തുനില്പിന്റെയും അതിജീവനകഥകളുമായി രണ്ടു ചിത്രങ്ങൾ ഞായറാഴ്‌ച അന്താരാഷ്ട്ര ഹ്രസ്വ ചിത്ര മേളയിൽ പ്രദർശിപ്പിക്കും. ഹെവി മെറ്റൽ, പലസ്‌തീൻ ഐലൻഡ്‌സ് എന്നീ ചിത്രങ്ങളാണ് മേളയിലെ അതിജീവന പാക്കേജിൽ പ്രദർശിപ്പിക്കുന്നത്. ഒളിമ്പിക് മോഹവുമായി അഭയാർത്ഥി ക്യാംപിൽ കഴിയുന്ന കൗമാരക്കാരായ മൂന്ന് പെൺകുട്ടികളുടെ കഥയാണ് ഹെവി മെറ്റൽ പ്രമേയമാക്കുന്നത്. പലസ്‌തീനിലെ പെൺ കായിക കരുത്തിനെ പ്രതിനിധാനം ചെയ്യുന്ന ഈ ചിത്രം ന്യൂയോർക്കിലെ ട്രിബേക്ക ഫെസ്റ്റിവലിൽ പ്രേക്ഷക പ്രശംസ നേടിയിരുന്നു. സ്പോർട്‌സ് ജേർണലിസ്റ്റായ എഡ്‌വേഡ്‌ നോൽസും റ്റിമോ ബ്രൂണും ചേർന്നാണ് അര മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഒരുക്കിയിരിക്കുന്നത്. ജനിച്ച മണ്ണിൽ തിരിച്ചെത്താനുള്ള മോഹവുമായി അഭയാർത്ഥിക്യാമ്പിൽ കഴിയുന്ന അന്ധനായ മുത്തച്ഛന് ചെറുമകൾ നൽകുന്ന പ്രതീക്ഷയുടെ യാത്ര പ്രമേയമാക്കിയ ചിത്രമാണ് നൂർ ബെൻ സലിമും ജൂലിയെൻ മെനാന്റോവും ചേർന്നൊരുക്കിയ പലസ്‌തീൻ ഐലൻഡ്സ്. രാത്രി ഏഴു മണിക്ക് നിള തിയേറ്ററിലാണ് ചിത്രങ്ങളുടെ പ്രദർശനം നടക്കുക. Read on deshabhimani.com

Related News