ഐഡിഎസ്എഫ്എഫ്കെ: തിങ്കളാഴ്‌ച 61 സിനിമകൾ

പരമ: എ ജേണി വിത് അപർണ സെൻ


തിരുവനന്തപുരം > രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ തിങ്കളാഴ്ച അഞ്ചു ക്യാമ്പസ് ചിത്രങ്ങളടക്കം 61 സിനിമകൾ പ്രദർശിപ്പിക്കും. വിഖ്യാത ശബ്ദലേഖകൻ എ എം പദ്മനാഭൻ, സംവിധായിക ശ്രിയങ്ക റായ് എന്നിവർക്ക് ആദരാഞ്ജലിയർപ്പിച്ചുകൊണ്ട് നാലു ചിത്രങ്ങളും അഞ്ചു ദീർഘ ഡോക്യുമെന്ററികളും മത്സരവിഭാഗത്തിലെ പതിമൂന്നു ചിത്രങ്ങളും തിങ്കളാള്ച പ്രദർശിപ്പിക്കും. ലളിത് വചാനി സംവിധാനം ചെയ്‌ത കൈദി നമ്പർ 626710 ഹാജർ ഹേ എന്ന ചിത്രത്തിന്റെ ലോകത്തെ ആദ്യ പ്രദർശനവും തിങ്കളാഴ്ച നടക്കും. ജിതിൻ ജി സംവിധാനം ചെയ്‌ത ഫെയ്‌സസ് എന്ന ക്യാമ്പസ് ചിത്രം പുരുഷന്മാരുടെ വിവിധ ജീവിതഘട്ടങ്ങൾ അനാവരണം ചെയ്യുന്നു. ബാല്യം മുതൽ യൗവ്വനം വരെ ലൈംഗിക ചൂഷണത്തിന് വിധേയനാകുന്ന യുവാവിന്റെ കഥ പറയുന്ന സൊസൈറ്റി ബാർക്‌സ്, ഫെബിൻ മാർട്ടിൻ സംവിധാനം ചെയ്‌ത ഹിതം, പ്രമോദ് എസിന്റെ മട്ടൻ കട്ടർ, നമിത്‌ വേണുഗോപാലിന്റെ ധ്വനി എന്നീ ചിത്രങ്ങളും ക്യാമ്പസ് സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ജലക്ഷാമം പ്രമേയമാക്കി വിശ്വാസ് കെ സംവിധാനം ചെയ്‌ത കന്നഡ ചിത്രം വാട്ടർമാൻ, ബോബി ബ്യൂട്ടി പാർലർ, കോക്ക് ഫൈറ്റ്, ലക്കി ഡോഗ്, മായ തുടങ്ങിയ ചിത്രങ്ങൾ ഷോർട്ട് ഫിക്ഷൻ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. വിഖ്യാത ചലച്ചിത്രകാരി അപർണ സെന്നിന്റെ ജീവിതം പ്രമേയമാക്കിയ പരമ: എ ജേണി വിത്ത് അപർണ സെൻ ലോങ് ഡോക്യുമെന്ററി മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. സുമൻ ഘോഷാണ് നോട്ടർഡാം ഫെസ്റ്റിവലിൽ പ്രശംസ പിടിച്ചു പറ്റിയ ഈ ചിത്രത്തിന്റെ സംവിധായകൻ. ആൻ അൺനോൺ സമ്മർ, ദ ഫസ്റ്റ് ഈസ് ഫാഴ്‌സ്, ഐ നോ ടൊമാറ്റോ ഈസ് റെഡ് എന്നിവ ഷോർട്ട് ഡോക്യുമെന്ററി മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കും. ജിതിൻ സംവിധാനം ചെയ്ത മറുത, അഭിജിത് നാരായണന്റെ സ്വാമി ആനന്ദതീർത്ഥൻ: നിഷേധിയുടെ ആത്മശക്തി എന്നീ ചിത്രങ്ങൾ ഉൾപ്പടെ 10 മലയാള സിനിമകളാണ് തിങ്കളാഴ്ച പ്രദർശിപ്പിക്കുന്നത്. മധുസൂദനൻ കെ എ സംവിധാനം ചെയ്ത തീപ്പണക്കം, എ ഫിഷ് ഓൺ ദി ഷോർ, മടക്കുകൾ എന്നീ ചിത്രങ്ങളും ഇവയിൽ ഉൾപ്പെടുന്നു. വിഖ്യാത ഡോക്യുമെന്ററി സംവിധായകരായ ബേദി സഹോദരന്മാരുടെ  സാധൂസ് ലിവിങ് വിത്ത് ദി ഡെഡ്, ചെറൂബ്‌ ഓഫ് മിസ്റ്റ്-റെഡ് പാണ്ട എന്നീ ചിത്രങ്ങളും, കെ എം പത്മനാഭൻ, ശ്രിയങ്കാ റായ് എന്നിവർക്കുള്ള ആദരവായി ലെവൻ മൈൽസ്-1, മെമറീസ് ഓഫ് മിൽക്ക് സിറ്റി, സ്വെറ്റ് ഷോപ്പ് ഓഫ് വാൾ സ്ട്രീറ്റ് എന്നീ ചിത്രങ്ങളുടെ പ്രദർശനവും തിങ്കളാഴ്ച നടക്കും. ഗുജറാത്ത് കലാപം പ്രമേയമാക്കി രാകേഷ് ശർമ്മ സംവിധാനം ചെയ്ത ഫൈനൽ സൊല്യൂഷൻ ജൂറി ഫിലിം വിഭാഗത്തിൽ പ്രദർശിപ്പിക്കും. Read on deshabhimani.com

Related News