ഡോക്യുമെന്ററികൾ ചരിത്രത്തെ അടയാളപ്പെടുത്തുന്നു: നിഷ്ഠ ജെയിൻ
തിരുവനന്തപുരം > ചരിത്രസംഭവങ്ങളുടെ രേഖകളാണ് ഡോക്യുമെന്ററികളെന്ന് ഫാമിങ് ദ് റെവല്യൂഷൻ എന്ന ഡോക്യുമെന്ററിയുടെ സംവിധായിക നിഷ്ഠ ജെയ്ൻ അഭിപ്രായപ്പെട്ടു. ആ ജോലി കൃത്യമായി നിർവഹിക്കുക എന്നതാണ് സംവിധായകരുടെ കടമ. അല്ലെങ്കിൽ സുപ്രധാന സംഭവങ്ങൾ ചരിത്രത്തിൽ നിന്ന് മാഞ്ഞുപോകും. അതിനുള്ള ഏറ്റവും ശക്തമായ മാധ്യമമാണ് ഡോക്യുമെന്ററികളെന്നും നിഷ്ഠ പറഞ്ഞു. കർഷക സമരം പശ്ചാത്തലമായ ഫാമിംഗ് ദി റെവല്യൂഷൻ മേളയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്. ഐഡിഎസ്എഫ്എഫ്കെ യുടെ മീറ്റ് ദ ഡയറക്ടേഴ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിഷ്ഠ ജെയ്ൻ. ഋത്വിക് ഘട്ടക്കിന്റെ സിനിമകൾ പ്രമേയമാക്കിയ ഇൻ സെർച്ച് ഓഫ് അജാന്ത്രിക് സംവിധാനം ചെയ്ത മേഘനാഥ് ഭട്ടാചാർജിയും മിറാ എന്ന ഈജിപ്ഷ്യൻ ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ അഹമ്മദ് സമീറും സംവാദത്തിന്റെ ഭാഗമായി. പാർവതി നായർ, അങ്കിത് പോഗുല, രാജ് ഗോവിന്ദ്, ജയസൂര്യ, ആനന്ദ് സിംഗ് സോധി, ശിവം ശങ്കർ, നിഷി ദുഗർ, ഭരത് കൃഷ്ണൻ, ആസ്ത, ഷിജിൻ വി, ജിതിൻ രാജ് എന്നിവരും മീറ്റ് ദി ഡയറക്ടേഴ്സിൽ പങ്കെടുത്തു. Read on deshabhimani.com